
ന്യൂനപക്ഷ കമ്മീഷൻ ‘പൂട്ടി’; അംഗങ്ങളില്ലാതെ പ്രവർത്തനം നിലച്ചു
ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷൻ പൂർണ്ണമായും പ്രവർത്തനരഹിതമായി. ചെയർപേഴ്സൺ ഉൾപ്പെടെയുള്ള ഏഴ് അംഗങ്ങളും വിരമിക്കുകയും, പുതിയ നിയമനങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് അർദ്ധ ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മീഷൻ അനാഥമായത്.
കമ്മീഷനിലെ അവസാന അംഗമായിരുന്ന ചെയർപേഴ്സൺ ഇഖ്ബാൽ സിംഗ് ലാൽപുര ഏപ്രിലിൽ വിരമിച്ചതോടെയാണ് കമ്മീഷന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചത്. ഉപാധ്യക്ഷനായിരുന്ന ജോർജ് കുര്യൻ 2020 മാർച്ച് 31-ന് വിരമിച്ചതിന് ശേഷം, കഴിഞ്ഞ അഞ്ച് വർഷമായി കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
വർഷങ്ങളായി നിയമനമില്ല
1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം, മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാർസി, ജൈന എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് ഓരോ അംഗവും, ഹിന്ദു ഉൾപ്പെടെ മറ്റേതെങ്കിലും സമുദായത്തിൽ നിന്ന് ഒരാളും ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് കമ്മീഷനിൽ വേണ്ടത്. എന്നാൽ, വർഷങ്ങളായി ഈ ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറായിട്ടില്ല. 2021-ൽ ഒഴിവുകൾ നികത്തണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നിയമനങ്ങൾ വൈകുകയായിരുന്നു.
വിദ്യാഭ്യാസ കമ്മീഷനും ഇതേ ഗതി
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാൻ 2004-ൽ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ (NCMEI) സ്ഥിതിയും ദയനീയമാണ്. ചെയർപേഴ്സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങളുണ്ടാകേണ്ട കമ്മീഷനിൽ, കഴിഞ്ഞ രണ്ട് വർഷമായി സാഹിദ് അക്തർ എന്ന ഒരംഗം മാത്രമാണുള്ളത്.
ന്യൂനപക്ഷങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ട ഈ സുപ്രധാന സ്ഥാപനങ്ങൾ നോക്കുകുത്തികളായതോടെ, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം മരീചികയാകുന്നു എന്ന വിമർശനമാണ് ഇപ്പോൾ ശക്തമാകുന്നത്.