
ഫയൽ അദാലത്തിനെ അവഗണിച്ച് സർക്കാർ വകുപ്പുകൾ, തീർപ്പാക്കിയത് 4% മാത്രം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘ഫയൽ അദാലത്ത്‘ തുടക്കത്തിലേ പാളി. അദാലത്ത് ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും, 50 ഡയറക്ടറേറ്റുകളും 10 സെക്രട്ടേറിയറ്റ് വകുപ്പുകളും ഫയലുകളുടെ വിവരങ്ങൾ പോലും നൽകാതെ പദ്ധതിയെ പൂർണ്ണമായി അവഗണിച്ചു. വിവരങ്ങൾ നൽകിയ വകുപ്പുകളാകട്ടെ, വെറും 4% ഫയലുകൾ മാത്രമാണ് തീർപ്പാക്കിയത്.
“ഓരോ ഫയലും ഓരോ ജീവിതമാണ്” എന്നായിരുന്നു മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ആദ്യ ഉദ്യോഗസ്ഥ ഓർമ്മപ്പെടുത്തല്.
അന്ത്യശാസനവുമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്
വകുപ്പുകളുടെ നിസ്സഹകരണം ശ്രദ്ധയിൽപ്പെട്ടതോടെ, മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി. എല്ലാ വകുപ്പുകളും ഓഫീസുകളും ഇന്ന് തന്നെ ഫയൽ വിവരങ്ങൾ അദാലത്ത് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നാണ് അന്ത്യശാസനം. അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ അവലോകനയോഗം ചേരാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ഈ ഉഴപ്പ്.
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഫയൽ അദാലത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ മാത്രം 3,18,441 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. 80 ഡയറക്ടറേറ്റുകളിൽ 30 എണ്ണം മാത്രമാണ് ഇതുവരെ വിവരങ്ങൾ നൽകിയത്.
1% പോലും തീർപ്പാക്കാത്ത സെക്രട്ടേറിയറ്റ് വകുപ്പുകൾ
- മൃഗസംരക്ഷണം – 0% (ആകെ ഫയൽ: 1421)
- പരിസ്ഥിതി – 0% (ആകെ ഫയൽ: 1421)
- ഗതാഗതം – 0% (ആകെ ഫയൽ: 1156)
- ഭക്ഷ്യം – 0% (ആകെ ഫയൽ: 905)
- വിവര പൊതുജനസമ്പർക്കം – 0% (ആകെ ഫയൽ: 665)
- പിന്നാക്ക വിഭാഗം – 0% (ആകെ ഫയൽ: 503)
- ഭവനം – 0% (ആകെ ഫയൽ: 380)
- ക്ഷീരവികസനം – 0% (ആകെ ഫയൽ: 304)
- ദുരന്തനിവാരണം – 0% (ആകെ ഫയൽ: 255)
- പ്രവാസികാര്യം – 0% (ആകെ ഫയൽ: 194)
ഇവയ്ക്ക് പുറമെ, പൊതുവിദ്യാഭ്യാസം, തദ്ദേശം, റവന്യൂ, ഉന്നതവിദ്യാഭ്യാസം, ജലവിഭവം തുടങ്ങിയ വകുപ്പുകളും 1 ശതമാനത്തിൽ താഴെ ഫയലുകൾ മാത്രമാണ് തീർപ്പാക്കിയത്.