News

സ്ത്രീധനം കൊടുക്കുന്നത് ഇനി കുറ്റമല്ല; വാങ്ങുന്നത് മാത്രം കുറ്റകരമാക്കാൻ നിയമ ഭേദഗതി, ശുപാർശ സർക്കാരിന് മുന്നിൽ

തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമല്ലാതാക്കുകയും, വാങ്ങുന്നത് മാത്രം കുറ്റകരമാക്കുകയും ചെയ്യുന്ന നിയമ ഭേദഗതിക്ക് നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബിൽ കമ്മീഷൻ സർക്കാരിന് കൈമാറി.

പരാതിപ്പെടാൻ ധൈര്യം നൽകുന്ന ഭേദഗതി

നിലവിൽ 1961-ലെ നിയമപ്രകാരം, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണ്. ഈ വ്യവസ്ഥ മൂലം, ഭർതൃഗൃഹത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നാൽ പോലും, പരാതിപ്പെടാൻ പല സ്ത്രീകളും മടിക്കുന്നു. കാരണം, പരാതി നൽകിയാൽ സ്ത്രീധനം കൊടുത്തതിന്റെ പേരിൽ സ്വന്തം കുടുംബവും കേസിൽ പ്രതിയാകുമെന്ന ഭയമാണ് ഇതിന് പിന്നിൽ. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് നിയമ ഭേദഗതിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

ശിക്ഷ കനക്കും

പുതിയ ഭേദഗതി പ്രകാരം, സ്ത്രീധനം വാങ്ങുന്നത് 3 മുതൽ 7 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതിന് പുറമെ, 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയോ, അല്ലെങ്കിൽ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ, അത് പിഴയായി ഈടാക്കും.

സ്ത്രീധനം ആവശ്യപ്പെട്ടാൽ നൽകേണ്ട പിഴത്തുക 10,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്താനും ശുപാർശയുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ വധു ഭർതൃവീട്ടിൽ നേരിടുന്ന പീഡനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.