News

പറവൂരിലെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്ന് വി.ഡി. സതീശൻ

കൊച്ചി (പറവൂർ): കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി, മരിച്ച കുട്ടിയെ കുറ്റപ്പെടുത്താനാണ് മന്ത്രിമാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ, തന്റെ നിയോജകമണ്ഡലമായ പറവൂരിലെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പറവൂരിൽ സുരക്ഷാ ഓഡിറ്റിംഗ്

“സംസ്ഥാനത്തെ പല സ്കൂളുകളിലും പരിതാപകരമായ അവസ്ഥയാണ്. അതുകൊണ്ടാണ് പറവൂരിലെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റിംഗിന് തുടക്കം കുറിക്കുന്നത്,” എന്ന് സതീശൻ പറഞ്ഞു. കെട്ടിടങ്ങളുടെയും ചുറ്റുമതിലിന്റെയും സുരക്ഷ, അപകടകരമായ മരങ്ങൾ, അടുക്കളയിലെ ശുചിത്വം എന്നിവ ഉൾപ്പെടെ 30 ചോദ്യങ്ങളടങ്ങിയ ഒരു പെർഫോമ തയ്യാറാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഓഡിറ്റ് പൂർത്തിയാക്കി, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, മറ്റ് യുഡിഎഫ് എംഎൽഎമാരോടും തങ്ങളുടെ മണ്ഡലങ്ങളിൽ ഇത് നടപ്പിലാക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മന്ത്രിമാരുടെ നാവിനെ നിയന്ത്രിക്കണം’

കുട്ടി മുകളിൽ കയറിയതാണ് അപകടകാരണമെന്ന മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സതീശൻ ആവശ്യപ്പെട്ടു. “മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കരുത്,” അദ്ദേഹം പറഞ്ഞു.

‘എസ്എഫ്ഐ നടത്തിയത് സമരാഭാസം’

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ’ എന്ന പ്രതിപക്ഷ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐയെക്കൊണ്ട് കേരള സർവകലാശാലയിൽ സമരാഭാസം നടത്തിച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു. “ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച അതേ പോലീസുകാർ, സർവകലാശാല തല്ലിപ്പൊളിച്ച എസ്എഫ്ഐക്കാരെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ താഴെയിറക്കുന്ന വാത്സല്യം കണ്ട് അത്ഭുതപ്പെട്ടുപോയി,” എന്നും അദ്ദേഹം പരിഹസിച്ചു.

വയനാട്ടിലെ ദുരിതാശ്വാസത്തിനായി പിരിച്ച 742 കോടി രൂപ ഒരു വർഷമായിട്ടും സർക്കാർ ദുരിതബാധിതർക്ക് നൽകിയിട്ടില്ലെന്നും, കോൺഗ്രസിന്റെ ഫണ്ട് പിരിവിനെക്കുറിച്ച് ചോദിക്കുന്ന കൈരളി ടിവി ഇത് കൂടി അന്വേഷിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.