
“സുധിച്ചേട്ടന്റെ സാന്നിധ്യം ഇപ്പോൾ ഫീൽ ചെയ്യുന്നില്ല”; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി
കൊച്ചി: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. മറ്റുള്ളവർക്ക് വ്യൂസ് കൂട്ടിക്കൊടുക്കാൻ താൽപര്യമില്ലാത്തതിനാൽ ഇത്തരം വിമർശനങ്ങൾ കാണാറില്ലെന്നും, ചിന്തിക്കാതെ സംസാരിക്കുന്നത് വിവാദമാകുന്നത് തന്റെ കുരുട്ടുബുദ്ധിയില്ലാത്തതുകൊണ്ടാണെന്നും രേണു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു മനസ്സ് തുറന്നത്.
“ഞാൻ രണ്ട് റീൽ ചെയ്താൽ എനിക്ക് റീച്ച് കിട്ടില്ലേ? എന്തിനാണ് അനാവശ്യമായി മറ്റുള്ളവർക്ക് വ്യൂ കൂട്ടുന്നത്? ഇതൊന്നും ഞാൻ കാണുന്നില്ല, നിങ്ങൾ ചമ്മിപ്പോവുകയാണ്,” രേണു വിമർശകരോട് പറയുന്നു.

സുധിയുടെ സാന്നിധ്യം
കൊല്ലം സുധിയുടെ സാന്നിധ്യം ഇപ്പോൾ അത്രയധികം അനുഭവപ്പെടുന്നില്ലെന്നും രേണു വെളിപ്പെടുത്തി. “സുധിച്ചേട്ടന്റെ പ്രസൻസ് മനസ്സിൽ മാത്രമല്ല, അല്ലാതെയും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ഇടക്ക് അദ്ദേഹത്തിന്റെ പെർഫ്യൂമിന്റെ മണം വരും. പക്ഷെ പുതിയ വീട്ടിലേക്ക് വന്നതിന് ശേഷം അത് കുറഞ്ഞു. ചിലപ്പോൾ കിടക്കുമ്പോൾ അടുത്ത് വന്ന് നിൽക്കുന്നത് പോലെ തോന്നും, കണ്ണ് തുറന്ന് നോക്കുമ്പോൾ ആരുമുണ്ടാകില്ല,” രേണു പറഞ്ഞു.
വിവാദങ്ങൾക്ക് മറുപടി
സുധിയുടെ ചരമവാർഷിക ദിനത്തിൽ താൻ സംസാരിച്ചത് വിവാദമായതിനെക്കുറിച്ചും രേണു പ്രതികരിച്ചു. ഹെയർ സ്റ്റൈൽ ചെയ്യുന്നതിനിടയിലാണ് സംസാരിച്ചത്. ആ സമയത്ത് അലിൻ ജോസ് ഡാൻസ് കളിച്ചത് ഒരു കുട്ടിയുടെ നിർബന്ധപ്രകാരമായിരുന്നു. “അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. എന്ന് വെച്ച് സുധിച്ചേട്ടൻ എന്റെ മനസ്സിൽ നിന്ന് പോയി എന്നല്ലല്ലോ അർത്ഥം,” രേണു ചോദിച്ചു.
സിനിമയും ഭാവിയും
സിനിമയിൽ ലിപ് ലോക്ക് പോലുള്ള രംഗങ്ങളിൽ അഭിനയിക്കാൻ മടിയില്ലെന്നും, സംവിധായകൻ ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും രേണു വ്യക്തമാക്കി. “എതിരെ നിൽക്കുന്ന ആൾക്ക് ഓക്കെ ആണെങ്കിൽ ഞാൻ ചെയ്യും. വരുന്ന അവസരങ്ങളൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല,” അവർ പറഞ്ഞു. പുനർവിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും, 34 വയസ്സായ തനിക്ക് ഇനി എന്ത് വിവാഹമെന്നും രേണു ചോദിച്ചു.