News

ഒന്നാം തീയതിയിലെ ‘ഡ്രൈ ഡേ’ ഇനിയില്ല; ഹോട്ടലുകളിൽ മദ്യം വിളമ്പാം, സർക്കാർ ചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതികളിലെ ‘ഡ്രൈ ഡേ’ നിയമത്തിൽ സർക്കാർ ഇളവ് വരുത്തി. സമ്മേളന, വെഡ്ഡിംഗ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രത്യേക അനുമതിയോടെ ഹോട്ടലുകളിൽ മദ്യം വിളമ്പാൻ അനുവദിച്ചുകൊണ്ട് സർക്കാർ വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി. പുതിയ നിയമം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

ആർക്കൊക്കെയാണ് ഇളവ്?

ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾ, ഹെറിറ്റേജ് ഹോട്ടലുകൾ, ബ്യൂട്ടിക് ഹോട്ടലുകൾ (മലയോര, തീരദേശ റിസോർട്ടുകൾ ഉൾപ്പെടെ) എന്നിവയ്ക്കാണ് ഈ ഇളവ് ബാധകമാകുക. ഈ സ്ഥാപനങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്കും വിവാഹ സൽക്കാരങ്ങൾക്കും മദ്യം വിളമ്പാൻ പ്രത്യേക ലൈസൻസ് നേടാം.

നിബന്ധനകളും ഫീസും

  • ഒന്നാം തീയതി ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെയോ വിവാഹ സൽക്കാരത്തിന്റെയോ വിശദാംശങ്ങൾ സഹിതം, 7 ദിവസം മുൻപ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം.
  • ഒരു ദിവസത്തെ പ്രത്യേക ലൈസൻസിനായി 50,000 രൂപയാണ് ഫീസ്.
  • മുൻകൂട്ടി അനുമതി വാങ്ങിയ ചടങ്ങിൽ മാത്രമേ മദ്യം വിളമ്പാൻ പാടുള്ളൂ.

നിലവിൽ ബാർ ലൈസൻസ് ഇല്ലാത്ത ഹോട്ടലുകൾക്കും ഈ പ്രത്യേക ലൈസൻസിനായി അപേക്ഷിക്കാൻ സാധിക്കുമെന്നത് ഈ ഭേദഗഗതിയിലെ ഒരു പ്രധാന സവിശേഷതയാണ്.