Kerala Government NewsNews

ക്ഷാമബത്ത കുടിശ്ശിക തീർക്കാൻ സർക്കാരിന്റെ പുതിയ ഫോർമുല: കെ.എൻ. ബാലഗോപാലിന് ബുദ്ധി ഉപദേശിച്ച് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വർധിച്ചുവരുന്ന ക്ഷാമബത്ത (ഡിഎ) കുടിശ്ശിക തീർക്കാൻ പുതിയ തന്ത്രവുമായി ധനവകുപ്പ്. നിലവിൽ 18 ശതമാനമുള്ള കുടിശ്ശിക, കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ 22 ശതമാനത്തിലേക്ക് ഉയരാനിരിക്കെയാണ് ഈ നീക്കം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശിക പണമായി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ, പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, ജീവനക്കാരുടെ അതൃപ്തി ഒഴിവാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.

പുതിയ ഫോർമുല ഇങ്ങനെ

പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച്, നിലവിലെ കുടിശ്ശികയിൽ നിന്ന് 20 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനാണ് ധനവകുപ്പ് മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. ഇതോടെ, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിക്കുകയും, കുടിശ്ശികയുടെ ഭാരം 2 ശതമാനമായി കുറയുകയും ചെയ്യും.

ഇതിലൂടെ, ക്ഷാമബത്ത പൂർണ്ണമായി നൽകിയെന്ന പ്രതീതി സൃഷ്ടിക്കാൻ സർക്കാരിന് സാധിക്കും. എന്നാൽ, ലയിപ്പിക്കുന്ന ഡിഎയുടെ കുടിശ്ശിക ജീവനക്കാർക്ക് പണമായി ലഭിക്കുകയുമില്ല. ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

തിരഞ്ഞെടുപ്പ് ലക്ഷ്യം

2021-ന് ശേഷം സർക്കാർ പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തയുടെയും കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ശമ്പള പരിഷ്കരണം എന്ന വാഗ്ദാനവുമായി സർക്കാർ വരുന്നത്. ഉയർന്ന ശമ്പളം ലഭിക്കുന്നതോടെ ജീവനക്കാർക്കിടയിലെ അതൃപ്തി കുറയുമെന്നും, ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്.

വരും മന്ത്രിസഭാ യോഗങ്ങളിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കാനാണ് സാധ്യത.