Defence

മിന്നൽവേഗത്തിൽ ‘അസ്ത്ര’; മിറാഷ്-2000 യുദ്ധവിമാനങ്ങൾക്ക് ഇനി 180 കി.മീ. പ്രഹരശേഷി, ഇന്ത്യയുടെ നിർണായക നീക്കം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ മിറാഷ്-2000 യുദ്ധവിമാനങ്ങളെ കൂടുതൽ അപകടകാരികളാക്കാൻ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ‘അസ്ത്ര മാർക്ക് II’ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ (BVRAAM) മിറാഷ് വിമാനങ്ങളിൽ ഘടിപ്പിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ഡാസോ ഏവിയേഷനുമായി സഹകരിച്ചായിരിക്കും ഈ നിർണായക നവീകരണം. ഇതോടെ, മിറാഷ് വിമാനങ്ങളുടെ പ്രഹരശേഷി നിലവിലെ 80 കിലോമീറ്ററിൽ നിന്ന് 180 കിലോമീറ്ററായി വർധിക്കും.

അതിർത്തിയിലെ ഭീഷണികൾക്ക് മറുപടി

1980-കളിൽ ഇന്ത്യ വാങ്ങിയ 50 മിറാഷ്-2000 വിമാനങ്ങൾ, വ്യോമസേനയുടെ നട്ടെല്ലാണ്. എന്നാൽ, നിലവിൽ ഈ വിമാനങ്ങൾ ഉപയോഗിക്കുന്ന ‘മൈക്ക’ മിസൈലുകൾക്ക് 80 കിലോമീറ്റർ മാത്രമാണ് ദൂരപരിധി. ചൈനയുടെ ജെ-20 വിമാനങ്ങളിലെ പിഎൽ-15 (200-300 കി.മീ), പാകിസ്താന്റെ ജെഎഫ്-17ലെ എയിം-120സി-7 (120 കി.മീ) മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ പോരായ്മയാണ്. ഈ കുറവ് പരിഹരിക്കാനാണ് ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള ഈ പുതിയ നീക്കം.

‘അസ്ത്ര മാർക്ക് II’ എന്ന ഗെയിം ചേഞ്ചർ

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച അസ്ത്ര മാർക്ക് II, അതിന്റെ മുൻഗാമിയായ മാർക്ക് I-നെക്കാൾ (110 കി.മീ ദൂരപരിധി) ബഹുദൂരം മുന്നിലാണ്. 160 മുതൽ 180 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ, യൂറോപ്യൻ നിർമ്മിത ‘മീറ്റിയോർ’ മിസൈലുകളോട് കിടപിടിക്കുന്നതാണ്. അസ്ത്ര മാർക്ക് II ഘടിപ്പിക്കുന്നതോടെ, മിറാഷ് വിമാനങ്ങൾക്ക് അതിർത്തി കടക്കാതെ തന്നെ ശത്രുരാജ്യത്തിന്റെ ഉള്ളിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ സാധിക്കും.

വെല്ലുവിളികൾ

അതേസമയം, ഈ നവീകരണം അത്ര എളുപ്പമല്ല. അസ്ത്ര മാർക്ക് II മിസൈലുമായി സംയോജിപ്പിക്കുന്നതിന്, മിറാഷ് വിമാനങ്ങളിലെ ആർഡിവൈ (RDY) റഡാറിന്റെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഫ്രാൻസിന്റെ കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ കാരണം, ഈ സോഴ്സ് കോഡ് ലഭിക്കാൻ ഇന്ത്യ വലിയ വില നൽകേണ്ടി വന്നേക്കാം. 2011-21 കാലഘട്ടത്തിൽ നടന്ന മിറാഷ് നവീകരണത്തിന് ഒരു വിമാനത്തിന് ഏകദേശം 40 ദശലക്ഷം ഡോളറാണ് ചെലവായത്.