IndiaNews

കഴുത്തിൽ പാമ്പുമായി ബൈക്ക് യാത്ര; പാമ്പുപിടുത്തക്കാരൻ കടിയേറ്റ് മരിച്ചു

ഗുണ (മധ്യപ്രദേശ്): അമിത ആത്മവിശ്വാസം ദുരന്തത്തിൽ കലാശിച്ചു. പിടികൂടിയ വിഷപ്പാമ്പിനെ കഴുത്തിലിട്ട് ബൈക്കോടിച്ച പാമ്പുപിടുത്തക്കാരൻ, അതേ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഗുണ സ്വദേശിയായ ദീപക് മഹാവാർ ആണ് ദാരുണമായി മരിച്ചത്.

തിങ്കളാഴ്ചയാണ് ദീപക് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയത്. തുടർന്ന്, ഈ പാമ്പിനെ കഴുത്തിൽ ചുറ്റി, സ്കൂളിൽ നിന്ന് മകനെ കൂട്ടിക്കൊണ്ടുവരാനായി ബൈക്കിൽ പോകുകയായിരുന്നു. യാത്രാമധ്യേ, കഴുത്തിലുണ്ടായിരുന്ന പാമ്പ് ദീപക്കിന്റെ കയ്യിൽ കടിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അടുത്ത ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു.

കഴുത്തിൽ പാമ്പുമായി ദീപക് ബൈക്കോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പുകളെ പിടികൂടുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും, അമിതമായ ആത്മവിശ്വാസം അപകടം ക്ഷണിച്ചുവരുത്തുമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.