
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുള്ള ഇസ്ലാംപൂർ നഗരത്തിന്റെ പേര് ‘ഈശ്വർപൂർ’ എന്ന് പുനർനാമകരണം ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ. സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്. ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാന്റെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. സംസ്ഥാന മന്ത്രിസഭയുടെ ഈ തീരുമാനം, അന്തിമ അനുമതിക്കായി കേന്ദ്രസർക്കാരിന് അയയ്ക്കും.
38 വർഷത്തെ ആവശ്യം
സംഭാജി ഭിഡെ നേതൃത്വം നൽകുന്ന ശിവ് പ്രതിഷ്ഠാൻ എന്ന സംഘടന, ഇസ്ലാംപൂരിന്റെ പേര് ഈശ്വർപൂർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് സാംഗ്ലി കളക്ടറേറ്റിൽ നിവേദനം നൽകിയിരുന്നു. 1986 മുതൽ ഈ ആവശ്യം നിലവിലുണ്ടായിരുന്നുവെന്ന് ഇസ്ലാംപൂരിലെ ഒരു ശിവസേനാ നേതാവ് പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ വിശ്രമിക്കില്ലെന്ന് സംഭാജി ഭിഡെയുടെ അനുയായികൾ മുൻപ് പ്രഖ്യാപിച്ചിരുന്നു.
സ്ഥലങ്ങളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾക്കിടയിലാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം.