
ന്യൂഡൽഹി: പാകിസ്താനെതിരായ ‘ഓപ്പറേഷൻ സിന്ദൂർ‘ സൈനിക നടപടി, ഇന്ത്യയുടെ തദ്ദേശീയ ആയുധ സംവിധാനങ്ങളും പാകിസ്താൻ ഉപയോഗിക്കുന്ന ചൈനീസ് ആയുധങ്ങളും തമ്മിലുള്ള ഒരു പരീക്ഷണമായിരുന്നുവെന്നും, ലോകം അത് സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്നും പ്രമുഖ അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധൻ ജോൺ സ്പെൻസർ. കൃത്യതയോടെയും സംയമനത്തോടെയും തിരിച്ചടിക്കാൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് മാത്രമല്ല, അതിനുള്ള ഇച്ഛാശക്തിയുമുണ്ടെന്ന് ഈ ഓപ്പറേഷൻ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം.
ഇന്ത്യൻ സാങ്കേതികവിദ്യ vs ചൈനീസ് സാങ്കേതികവിദ്യ
പാകിസ്താൻ പ്രധാനമായും ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച ജോൺ സ്പെൻസർ, “ഇത് ചൈനീസ് സൈനിക സാങ്കേതികവിദ്യയുടെ ഒരു പരീക്ഷണമായിരുന്നു, ലോകത്തിനും ചൈനയ്ക്കും ഒരുപോലെ,” എന്ന് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ചൈന തങ്ങളുടെ സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള ഒരു ‘ലൈവ് ലാബ്’ ആയാണ് പാകിസ്താനെ ഉപയോഗിക്കുന്നത്. അതിനാൽ, ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യൻ തദ്ദേശീയ സംവിധാനങ്ങളും ചൈനീസ് സംവിധാനങ്ങളും തമ്മിലുള്ള ഒരു പരീക്ഷണമായി മാറി. എല്ലാവരും ആ പ്രകടനത്തിൽ നിന്ന് പഠിക്കുകയായിരുന്നു, കാരണം യുദ്ധം എല്ലാറ്റിനെയും പരീക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക ശേഷിയുടെ തെളിവ് സാറ്റലൈറ്റ് ദൃശ്യങ്ങളിലും വീഡിയോകളിലുമാണ് ഉള്ളതെന്നും, അല്ലാതെ ചൈനീസ് സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്ന് പറയുന്ന വാക്കുകളിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താൻ മറ്റ് വഴികൾ തേടും
ചൈനീസ് ആയുധ സംവിധാനങ്ങളുടെ പ്രകടനം പാകിസ്താൻ വിലയിരുത്തുമെന്നും, ഭാവിയിൽ അവർ മറ്റ് രാജ്യങ്ങളിൽ നിന്ന് ആധുനിക സാങ്കേതികവിദ്യ തേടാൻ സാധ്യതയുണ്ടെന്നും സ്പെൻസർ സൂചിപ്പിച്ചു. “നിങ്ങൾ വാങ്ങിയത് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾ വിൽപ്പനക്കാരന്റെ അടുത്തേക്ക് തിരികെ പോകും. അതേസമയം, ഇത് ഉപയോഗിച്ചതിലെ പിഴവാണോ എന്നും അവർ പരിശോധിക്കും. എന്തായാലും, അവർ തങ്ങളുടെ ബലഹീനതകൾ തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ തേടും,” അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ കൂടുതൽ തയ്യാർ’
ഭാവിയെക്കുറിച്ച് പ്രവചിക്കാൻ കഴിയില്ലെങ്കിലും, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, അതിർത്തി കടന്നുള്ള ഭീകരതയോട് പ്രതികരിക്കുന്നതിൽ ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ജോൺ സ്പെൻസർ നിരീക്ഷിച്ചു. “അടുത്ത യുദ്ധം എപ്പോഴാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ശത്രുവിനും അതിൽ ഒരു പങ്കുണ്ട്. പക്ഷെ, ഇന്ത്യ ഇപ്പോൾ കൂടുതൽ തയ്യാറാണെന്ന് എനിക്ക് പറയാൻ കഴിയും,” അദ്ദേഹം പറഞ്ഞു.