News

ഉമ്മൻ ചാണ്ടിയുടെ പ്രിയപ്പെട്ട പദ്ധതികൾക്ക് ഫണ്ട് വെട്ടിക്കുറച്ച് കെ.എൻ. ബാലഗോപാൽ

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, പാവപ്പെട്ടവരുടെ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായ കാലയളവിൽ നടപ്പിലാക്കിയ പദ്ധതികളിൽ ഭൂരിഭാഗവും ഇവർക്ക് വേണ്ടിയായിരുന്നു. അന്തരിച്ച ഉമ്മൻ ചാണ്ടിയെ തിരുവന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് കൊണ്ട് പോയ യാത്രയിൽ ഉടനീളം ഇവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അത്രക്ക് പ്രീയങ്കരനായിരുന്നു ഇവർക്ക് ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടി ചേർത്ത് നിറുത്തിയ പദ്ധതികളെ വെട്ടി നിരത്തിയ കാലമായിരുന്നു 2024 – 25.പ്ലാൻ ബിയുടെ ഭാഗമായി സാമൂഹിക നീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ, സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓൺ ഡിസെബിലിറ്റി സ് , കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഭിന്നശേഷി പദ്ധതികൾ എന്നിവയെല്ലാം വ്യാപകമായി വെട്ടിച്ചുരുക്കി.

50 കോടിയുടെ ആശ്വാസ കിരണത്തിൽ നിന്ന് 12.36 കോടി വെട്ടിക്കുറച്ചു. സ്നേഹ സ്പർശം വയോമിത്രം, സ്നേഹ സാന്ത്വനം, സമാശ്വാസം, ശുഭയാത്ര, ആശ്വാസം, സായം പ്രഭ തുടങ്ങിയ നിരവധി പദ്ധതികൾ ധനമന്ത്രി കെ – എൻ. ബാലഗോപാലിൻ്റെ കത്രികക്ക് ഇരയായി. സാമൂഹ്യ നീതി വകുപ്പിൻ്റെ 22.07 കോടിയും സാമൂഹ്യ സുരക്ഷ മിഷൻ്റെ 24.10 കോടിയും സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റിസിൻ്റെ 4.07 കോടിയും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ്റെ 6.50 കോടിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്പീച്ച് ആൻഡ് ഹിയറിംഗിൻ്റെ 9.27 കോടിയും കെ.എൻ. ബാലഗോപാൽ വെട്ടിക്കുറച്ചു .

പാർശ്വ വൽക്കരിക്കപ്പെട്ടവരുടെ, പാവപ്പെട്ടവരുടെ പദ്ധതികളിൽ പോലും ബാലഗോപാൽ കത്രിക വച്ചെന്ന കണക്കുകൾ നിയമസഭയിൽ സാമൂഹ്യ നീതി വകുപ്പിൻ്റെ മന്ത്രി കൂടിയായ ഡോ ആർ ബിന്ദു വെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ പോലൊരു മുഖ്യമന്ത്രിയാണ് പിണറായിയുടെ സ്ഥാനത്തെങ്കിൽ കത്രികയുമായി വരാൻ ബാലഗോപാലിന് ധൈര്യമുണ്ടാകുമായിരുന്നില്ല.