Malayalam Media LIve

ഉമ്മൻ ചാണ്ടി: ജനഹൃദയങ്ങളിൽ ജീവിക്കുന്ന പകരം വെക്കാനില്ലാത്ത നേതാവ്

  • കെ.ജി. രവി (കർഷക കടാശ്വാസ കമ്മീഷൻ മുൻ അംഗം)

ലളിത ജീവിതവും കഠിനാധ്വാനവും മനുഷ്യസ്‌നേഹവും മുഖമുദ്രയാക്കി ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ നേതാവ് ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ജൂലൈ 18-ന് രണ്ട് വർഷം തികയുന്നു. അരനൂറ്റാണ്ടുകാലം പുതുപ്പള്ളി എന്ന ഒരേയൊരു നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടുവെന്നത് അദ്ദേഹത്തിന്റെ ജനകീയതയുടെ നിദർശനമാണ്. പകരം വെക്കാൻ ഇല്ലാത്ത ആ രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

Oommen chandy - KG Ravi - Article

കേരള വിദ്യാർത്ഥി യൂണിയന്റെ (കെ.എസ്.യു) തീപ്പൊരി നേതാവായി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ഉമ്മൻ ചാണ്ടി, പിന്നീട് കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനായി വളർന്നു. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി, യുഡിഎഫ് കൺവീനർ, എഐസിസി പ്രവർത്തക സമിതി അംഗം തുടങ്ങി വഹിച്ച പദവികളെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുകൊണ്ട് ശ്രദ്ധേയമായി. ഏഴു വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഭരണരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചു.

1970 സെപ്റ്റംബർ 17-നായിരുന്നു കന്നി നിയമസഭാ പ്രവേശം. അന്നു മുതൽ സൗമ്യതയും ലാളിത്യവും അദ്ദേഹം കൈവിട്ടില്ല. ആരോടും ദേഷ്യപ്പെടാതെ, സഹായം ചോദിക്കുന്നവരോട് ‘ഇല്ല’ എന്ന് പറയാതെ, ഒരു പച്ച മനുഷ്യനായി അദ്ദേഹം ജനങ്ങൾക്കിടയിൽ ജീവിച്ചു. കെ.എസ്.യു നേതാവായിരിക്കെ അദ്ദേഹം ആവിഷ്‌കരിച്ച ‘ഓണത്തിന് ഒരു പറ നെല്ല്’ എന്ന പദ്ധതി, അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ വരെ പ്രശംസ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധിയുടെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും ആദ്യ ഉദാഹരണമായിരുന്നു അത്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയ ‘ജനസമ്പർക്ക പരിപാടി’ കേരള ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒന്നാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നേരിട്ടറിയാനും അതിവേഗം പരിഹാരം കാണാനും നടത്തിയ ഈ ജനകീയ യജ്ഞത്തിന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പുരസ്‌കാരം വരെ ലഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘1800-425-3047 കോൾ സെന്റർ’ രാജ്യത്തിന് തന്നെ മാതൃകയായി. നൂറുദിന കർമ്മ പദ്ധതികളിലൂടെ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി പൂർത്തിയാക്കി അദ്ദേഹം ജനവികാരം മാനിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിച്ചു.

ഉമ്മൻചാണ്ടി

ഔദ്യോഗിക വസതിയിലായിരിക്കുമ്പോൾ പുലർച്ചെ അഞ്ചു മണിക്ക് വിളിച്ചാൽ പോലും ഫോൺ എടുത്തിരുന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. വിളിക്കുന്നവരെ കേൾക്കാനും ഉടനടി നടപടി സ്വീകരിക്കാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. അവിവാഹിതരായ അമ്മമാരുടെ പെൻഷൻ 300 രൂപയിൽ നിന്ന് ആയിരമായി വർദ്ധിപ്പിച്ചതും, മുന്നോക്ക വികസന കോർപ്പറേഷന് രൂപം നൽകുകയും പിന്നാക്ക വികസന കോർപറേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ സാമൂഹിക കാഴ്ച്ചപ്പാടിന്റെ തെളിവാണ്.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ ഒട്ടനവധി പദ്ധതികൾക്ക് ഉമ്മൻ ചാണ്ടി ചുക്കാൻ പിടിച്ചു. സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊല്ലം-കോട്ടപ്പുറം ജലപാത, പ്രവാസി മലയാളികൾക്കായി നോർക്ക സെന്റർ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.

1943 ഒക്ടോബർ 31-ന് ജനിച്ച്, കോട്ടയം സിഎംഎസ് കോളേജിൽ നിന്നും എറണാകുളം ലോ കോളേജിൽ നിന്നും ബിരുദങ്ങൾ നേടി, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഭൗതികമായി ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ഓർമ്മകൾ നെഞ്ചിലേറ്റുന്ന ആയിരക്കണക്കിന് മനുഷ്യർ നമുക്കിടയിലുണ്ട്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ നീണ്ട, കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര അതിന് സാക്ഷ്യം വഹിച്ചു.

ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പുഷ്പാഞ്ജലികൾ.