CinemaNews

നിവിൻ-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ കരിനിഴൽ; 1.90 കോടിയുടെ തട്ടിപ്പ് കേസിൽ ഇരുവരും പ്രതികൾ

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ 1.90 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന പുതിയ സിനിമയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് നടപടി. നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയാക്കിയുമാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിയുടെ ഉള്ളടക്കം

‘മഹാവീര്യർ’ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതിക്കാരൻ. ‘മഹാവീര്യർ’ സിനിമയുടെ നിർമ്മാണത്തിൽ 90 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്നും, ഇതിനുപുറമെ നിവിൻ പോളിയുടെ പുതിയ ചിത്രമായ ‘ആക്ഷൻ ഹീറോ ബിജു 2’-ൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 1.90 കോടി രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോൾ, ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരു കമ്പനിക്ക് നൽകി തന്നെ വഞ്ചിച്ചുവെന്നാണ് ഷംനാസിന്റെ ആരോപണം.

വൈക്കം കോടതിയിൽ ഷംനാസ് നൽകിയ പരാതിയെ തുടർന്നാണ് പോലീസിനോട് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിഷയത്തിൽ നിവിൻ പോളിയോ എബ്രിഡ് ഷൈനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.