
ബാർസലോണ: ഫുട്ബോൾ ലോകത്ത് ഇതിഹാസങ്ങൾ അണിഞ്ഞ ബാർസലോണയുടെ ഐതിഹാസിക പത്താം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി. ക്ലബ്ബിന്റെ 18-കാരനായ അത്ഭുത താരം ലാമിൻ യമാലാണ് അടുത്ത സീസൺ മുതൽ പത്താം നമ്പറിൽ കളിക്കുക. ലയണൽ മെസ്സി, റൊണാൾഡീഞ്ഞോ, മറഡോണ തുടങ്ങിയ ഇതിഹാസ താരങ്ങൾ ബാർസയിൽ പ്രശസ്തമാക്കിയ ജേഴ്സിയാണിത്.
കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനമാണ് യമാലിനെ ഈ ചരിത്ര നിയോഗത്തിന് അർഹനാക്കിയത്. ബാർസലോണ ആഭ്യന്തര ട്രെബിൾ (ലാലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്) നേടിയപ്പോൾ 18 ഗോളുകളും 25 അസിസ്റ്റുകളുമായി യമാൽ ടീമിന്റെ കുന്തമുനയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ജോൻ ലപോർട്ട പ്രത്യേക ചടങ്ങിൽ വെച്ചാണ് യമാലിന് പത്താം നമ്പർ ജേഴ്സി കൈമാറിയത്.
“മെസ്സി പത്താം നമ്പറിന് വഴിയൊരുക്കി, ഞാനെന്റേതായ വഴി വെട്ടും,” ജേഴ്സി ഏറ്റുവാങ്ങിയ ശേഷം യമാൽ പറഞ്ഞു. “മെസ്സിയുടെയും റൊണാൾഡീഞ്ഞോയുടെയും മറഡോണയുടെയും ജേഴ്സി അണിയുക എന്നത് ഏതൊരു കുട്ടിയുടെയും സ്വപ്നമാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ശ്രമിക്കും,” യമാൽ കൂട്ടിച്ചേർത്തു.
മെസ്സി ക്ലബ്ബ് വിട്ട ശേഷം അൻസു ഫാറ്റിക്കായിരുന്നു പത്താം നമ്പർ നൽകിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്ന ഫാറ്റി ഇപ്പോൾ എഎസ് മൊണാക്കോയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ്. ഈ ഒഴിവിലാണ് യമാൽ ബാർസയുടെ പുതിയ പത്താം നമ്പറാകുന്നത്.
സ്പെയിനിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ യമാൽ, തനിക്ക് ഇനി നേടാനുള്ളത് ചാമ്പ്യൻസ് ലീഗും ലോകകപ്പുമാണെന്നും തന്റെ അടുത്ത ലക്ഷ്യങ്ങൾ അതാണെന്നും വ്യക്തമാക്കി.