
സംസ്ഥാനത്ത് ഒരു വർഷം ഷോക്കേറ്റ് മരിച്ചത് 241 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു സാമ്പത്തിക വർഷത്തിനിടെ (2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ) വൈദ്യുതി അപകടങ്ങളിൽ പൊലിഞ്ഞത് 241 മനുഷ്യ ജീവനുകൾ. ഇതിൽ 222 പേരും പൊതുജനങ്ങളാണ്. ഇലക്ട്രിക്കല്‍ ഇൻസ്പകടറേറ്റ് വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അവബോധമില്ലായ്മയാണ് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
- പൊതുജനങ്ങൾക്കിടയിൽ മരണം കൂടുതൽ: ആകെ മരിച്ച 241 പേരിൽ 222 പേരും സാധാരണക്കാരാണ്. 105 പേർക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റു.
- ജീവനക്കാർക്കിടയിലെ അപകടങ്ങൾ: 9 കെഎസ്ഇബി സ്ഥിരം ജീവനക്കാരും 10 കരാർ ജീവനക്കാരും ഇക്കാലയളവിൽ ഷോക്കേറ്റ് മരിച്ചു.
- മൃഗങ്ങളും ഇരകൾ: 73 മൃഗങ്ങൾക്കും വൈദ്യുതി അപകടങ്ങളിൽ ജീവൻ നഷ്ടമായി.
- അനധികൃത വേലികൾ വില്ലനാകുന്നു: അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലികളിൽ നിന്ന് ഷോക്കേറ്റ് 24 പേർ മരിച്ചു. ഇത് ഗുരുതരമായ നിയമലംഘനവും അപകടവുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
- വീടുകളിലെ അപകടങ്ങൾ: ഉപഭോക്താക്കളുടെ സ്വന്തം വീടുകളിലും പരിസരങ്ങളിലുമായി 126 പേർക്കാണ് ജീവൻ നഷ്ടമായത്. ഗാർഹിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ 14 പേർ മരിച്ചു.
- പ്രധാന കാരണം: ലൈവ് ഇലക്ട്രിക് വയറുകളുമായോ ഉപകരണങ്ങളുമായോ അബദ്ധത്തിൽ സമ്പർക്കത്തിൽ വന്നാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ (116 മരണം) സംഭവിച്ചിരിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളും അറ്റകുറ്റപ്പണികളുടെ അഭാവവും അപകടങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ് കോണികളും മറ്റും ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ഇലക്ട്രിക്കല്‍ ഇൻസ്പകടറേറ്റ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ മുന്നറിയിപ്പ് നൽകുന്നു.