
കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു, എബിവിപി എന്നീ വിദ്യാർത്ഥി സംഘടനകൾ നാളെ (ജൂലൈ 18, വെള്ളി) കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്ന് സംഘടനകൾ ആരോപിച്ചു.
അപകടകരമായ രീതിയിൽ താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈൻ മാറ്റി സ്ഥാപിക്കാത്തത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മാപ്പർഹിക്കാത്ത വീഴ്ചയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ ഹൈടെക് ആണെന്ന് മന്ത്രി അവകാശവാദം ഉന്നയിക്കുമ്പോൾ, സ്കൂളുകളിൽ കുട്ടികൾ പാമ്പുകടിയേറ്റും ഷോക്കേറ്റും മരിക്കുന്നത് സർക്കാർ കൺതുറന്ന് കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മിഥുന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.