
Kerala Government NewsNews
കെഎഎസ് പരീക്ഷയിലെ 11 ചോദ്യങ്ങൾ പിഎസ്‌സി ഒഴിവാക്കി; ഒഴിവാക്കിയ ചോദ്യങ്ങൾ ഇവയാണ്
തിരുവനന്തപുരം: ജൂൺ 14-ന് നടത്തിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷയിൽ പിഎസ്‌സി 11 ചോദ്യങ്ങൾ ഒഴിവാക്കി. രണ്ട് പേപ്പറുകളിലുമായി ഉദ്യോഗാർത്ഥികൾ ഉന്നയിച്ച പരാതികൾ പരിഗണിച്ചാണ് നടപടി. ഇതോടെ പരീക്ഷയുടെ ആകെ മാർക്കിൽ മാറ്റം വരും.
പേപ്പർ ഒന്നിൽ നിന്ന് ആറ് ചോദ്യങ്ങളും പേപ്പർ രണ്ടിൽ നിന്ന് അഞ്ച് ചോദ്യങ്ങളുമാണ് ഒഴിവാക്കിയത്. ഇതോടെ പേപ്പർ ഒന്നിന്റെ ആകെ മാർക്ക് 94 ആയും പേപ്പർ രണ്ടിന്റേത് 95 ആയും കുറഞ്ഞു. ഇതിനുപുറമെ, അഞ്ച് ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. പേപ്പർ ഒന്നിലെ ഒരു ചോദ്യത്തിന്റെയും പേപ്പർ രണ്ടിലെ നാല് ചോദ്യങ്ങളുടെയും ഉത്തരങ്ങളാണ് പ്രാഥമിക ഉത്തരസൂചികയിൽ നിന്ന് വ്യത്യസ്തമായി തിരുത്തിയത്.
ഒഴിവാക്കിയ ചോദ്യങ്ങൾ ഇവയാണ്:
പേപ്പർ – 1
- (ചോദ്യം 10) രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ഇനി പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത്?
- (ചോദ്യം 15) 1795-ൽ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരുവിതാംകൂറും തമ്മിൽ ഒപ്പുവച്ച ഏത് ഉടമ്പടിയാണ് തിരുവിതാംകൂറിന്റെ സാമ്പത്തിക സ്വയംഭരണത്തെ സാരമായി ബാധിച്ചത്?
- (ചോദ്യം 17) കേരളത്തിൽ മതാന്തര സംവാദവും സാമൂഹിക പരിഷ്കരണവും പ്രോത്സാഹിപ്പിച്ച ഒരു സുപ്രധാന സംഭവമായ 1924-ലെ ആലുവ മത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്?
- (ചോദ്യം 23) ചേരുംപടി ചേർക്കുക.
- (ചോദ്യം 84) പലിശ നിരക്ക് 15% ആണെങ്കിൽ, 3 വർഷത്തിനു ശേഷം 10,000 രൂപയ്ക്കു ലഭിക്കുന്ന സംയുക്ത പലിശയും ലളിതമായ പലിശയും തമ്മിലുള്ള വ്യത്യാസം എന്താണ്?
- (ചോദ്യം 91) വാദം (A): ആഴക്കടൽ കിടങ്ങുകളുടെ രൂപീകരണത്തിന് എപ്പൈറോജെനിക് ചലനങ്ങൾ കാരണമാകുന്നു. കാരണം (R): എപ്പൈറോജനിസിസിൽ പാറ പാളികൾക്കു പ്രാദേശികവൽക്കരിക്കുകയും തീവ്രവുമായ മടക്കുകളും വിള്ളലുകളും ഉൾപ്പെടുത്തുന്നു.
പേപ്പർ – 2
- (ചോദ്യം 5) താഴെപ്പറയുന്ന പദ്ധതികൾ/നയങ്ങൾ അവയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുത്തുക.
- (ചോദ്യം 22) ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2024 പ്രകാരം തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രതിഭകൾക്ക് ഏറ്റവും നല്ല സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഈ റാങ്കിങ്ങിനു കാരണമാകുന്ന പ്രധാന ഘടകം ഇനിപ്പറയുന്നവയിൽ ഏതാണ്?
- (ചോദ്യം 23) കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
- (ചോദ്യം 42) ലോകത്തിലെ ഏറ്റവും വലിയ സോളർ പാർക്ക് ഏതാണ്?
- (ചോദ്യം 81) ഭൂമിയെ സംബന്ധിച്ചത് എന്നർഥം വരുന്ന ഒറ്റപ്പദമേത്?