Legal NewsNews

ജഡ്ജിയെ സംഘിയെന്ന് വിളിച്ചയാൾക്ക് തടവുശിക്ഷയും പിഴയും വിധിച്ച് ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച കേസിൽ എറണാകുളം സ്വദേശിക്ക് മൂന്ന് ദിവസം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. ജഡ്ജിമാർക്ക് സംഘപരിവാർ ബന്ധമുണ്ടെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വിധി പറയുന്നുവെന്നും ഫേസ്ബുക്കിൽ തുടർച്ചയായി പോസ്റ്റിട്ട പി.കെ. സുരേഷ് കുമാറിനെയാണ് ഡിവിഷൻ ബെഞ്ച് ക്രിമിനൽ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.

ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പ്രതിയുടെ പ്രവൃത്തികൾ ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

ദേവസ്വം ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ സംഘപരിവാർ സ്വാധീനത്തിന് വഴങ്ങിയാണ് വിധികൾ പുറപ്പെടുവിക്കുന്നതെന്നും, സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ വേണ്ടിയാണിതെന്നും സുരേഷ് കുമാർ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള നിരീക്ഷണങ്ങളെ ‘വാചകമടി’ (verbal diarrhoea) എന്നും അധിക്ഷേപിച്ചു.

ഇതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നേരത്തെ സമാനമായ മറ്റൊരു കോടതിയലക്ഷ്യ കേസിൽ മാപ്പപേക്ഷ നൽകി നടപടികളിൽ നിന്ന് രക്ഷപ്പെട്ടയാളാണ് സുരേഷ് കുമാർ. ഇതിന് ശേഷവും പ്രതി അധിക്ഷേപം തുടർന്നത് കോടതി ഗൗരവത്തോടെയാണ് കണ്ടത്.

നേരത്തെ സമാനമായ കേസിൽ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട ശേഷം, അതൊരു തന്ത്രം മാത്രമായിരുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രതിയുടെ നടപടി അതീവ ഗൗരവത്തോടെയാണ് കോടതി കണ്ടത്.

കേസിനാസ്പദമായ സംഭവം

ദേവസ്വം ബെഞ്ചിലെ ജഡ്ജിമാർ സംഘപരിവാറിന്റെ സ്വാധീനത്തിന് വഴങ്ങി വിധി പറയുന്നു, സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് ബാഹ്യശക്തികളെ പ്രീണിപ്പിക്കുന്നു, ഒരു പ്രത്യേക വിഭാഗത്തിലെ അഭിഭാഷകർ ജഡ്ജിമാരുടെ ചേംബറിൽ കയറിയിറങ്ങി വിധികൾ സ്വാധീനിക്കുന്നു എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് സുരേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഉന്നയിച്ചത്. മറ്റൊരു ജഡ്ജിയുടെ കോടതിയിലെ വാക്കാലുള്ള നിരീക്ഷണങ്ങളെ “വാചകമടി” (Verbal Diarrhoea) എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. നേരത്തെ മറ്റൊരു കേസിൽ മാപ്പപേക്ഷ നൽകി നടപടികളിൽ നിന്ന് ഒഴിവായ സുരേഷ് കുമാർ, തൊട്ടുപിന്നാലെ വീണ്ടും ഇതേ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ ഇടുകയായിരുന്നു.

കോടതിയുടെ നിരീക്ഷണം

വിചാരണയുടെ ഘട്ടങ്ങളിൽ സുരേഷ് കുമാർ നിലപാട് മാറ്റിയത് കോടതി ചൂണ്ടിക്കാട്ടി. ആദ്യം പോസ്റ്റുകൾ തന്റേതാണെന്ന് സമ്മതിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത പ്രതി, പിന്നീട് പോസ്റ്റുകൾ താൻ ഇട്ടതല്ലെന്ന് വാദിച്ചു. ഈ നിലപാട് മാറ്റം വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തി.

ന്യായമായ വിമർശനങ്ങൾ ജുഡീഷ്യറിക്ക് എതിരാവില്ല, എന്നാൽ ജഡ്ജിമാരിൽ ദുരുദ്ദേശം ആരോപിക്കുന്നതും ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നതും ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് വിധിയിൽ പറയുന്നു. പ്രതിയുടെ പ്രവൃത്തികൾ പൊതുസമൂഹത്തിൽ ജുഡീഷ്യറിയെക്കുറിച്ച് തെറ്റായ ധാരണ പരത്താനും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും കോടതി കണ്ടെത്തി.

തുടർന്നാണ് മൂന്ന് ദിവസത്തെ സാധാരണ തടവും 2000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി.

വിധി പകർപ്പ് ചുവടെ: