Kerala Government NewsNews

സർക്കാർ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും മറ്റ് അനുബന്ധ മേഖലകളിലെ ജീവനക്കാരുടെയും പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് സർക്കാർ പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ) പലിശ നിരക്ക് 7.1% ആയി തുടരും. നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്കിന് ആനുപാതികമായാണ് സംസ്ഥാനത്തും നിരക്ക് നിശ്ചയിക്കുന്നത്. കേന്ദ്രം ഈ കാലയളവിലേക്ക് 7.1% പലിശ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും ഇതേ നിരക്ക് നിലനിർത്താൻ തീരുമാനിച്ചത്. സ.ഉ.(അച്ചടി) നം.91/2025/ധന എന്ന ഉത്തരവ് പ്രകാരമാണ് ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എ.എം. ജാഫർ പുതിയ പലിശ നിരക്ക് അറിയിച്ചത്.

കേരള സംസ്ഥാന ജനറൽ പ്രൊവിഡന്റ് ഫണ്ട് (GPF), എയ്ഡഡ് സ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്, പഞ്ചായത്ത്, പാർട്ട് ടൈം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് എന്നിവയുൾപ്പെടെ സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന എട്ടോളം പി.എഫ് നിക്ഷേപങ്ങൾക്ക് ഈ നിരക്ക് ബാധകമാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഈ തീരുമാനം ബാധകമാകും.