News

നാളെ കാസർകോട് അവധി; കേരളത്തിൽ മഴ കനക്കുന്നു, 9 ജില്ലകൾ ഓറഞ്ച് അലർട്ടിൽ

കാസർകോട്/തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ കാസർകോട് ജില്ലയിൽ നാളെ (ജൂലൈ 17, വ്യാഴം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കി. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കാസർകോട്ടെ അവധി ഇങ്ങനെ: പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് മഴ കനക്കുന്നു: പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ഇതേത്തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

വരും ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 17-ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 18-ന് കാസർകോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.