
ന്യൂഡൽഹി: സമോസ, ജിലേബി, ലഡു തുടങ്ങിയ ഇന്ത്യൻ പലഹാരങ്ങൾക്ക് സിഗരറ്റ് പാക്കറ്റുകളിലേതിന് സമാനമായ മുന്നറിയിപ്പ് ലേബലുകൾ ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ. മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഇത് സംബന്ധിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തൊഴിലിടങ്ങളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൊതുവായ ബോധവൽക്കരണ പരിപാടിയെയാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.
യഥാർത്ഥ നിർദ്ദേശം ഇതാണ്
ഇന്ത്യൻ ലഘുഭക്ഷണങ്ങളെയോ വഴിയോര ഭക്ഷണ സംസ്കാരത്തെയോ ലക്ഷ്യമിട്ടുള്ള ഒരു നിയന്ത്രണവും സർക്കാർ കൊണ്ടുവന്നിട്ടില്ല. പകരം, തൊഴിലിടങ്ങളിലെ കാന്റീനുകൾ, മീറ്റിംഗ് റൂമുകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിലെ അമിതമായ എണ്ണയുടെയും പഞ്ചസാരയുടെയും ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകുന്ന ബോർഡുകൾ സ്ഥാപിക്കാൻ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്.
“ഇതൊരു നിയമപരമായ നിയന്ത്രണമല്ല, മറിച്ച് ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ‘ബിഹേവിയറൽ നഡ്ജ്’ (ചെറിയ ഓർമ്മപ്പെടുത്തൽ) മാത്രമാണ്,” എന്ന് മന്ത്രാലയം വ്യക്തമാക്കി. പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും, കോണിപ്പടികൾ ഉപയോഗിക്കുന്നത് പോലുള്ള ചെറിയ വ്യായാമങ്ങൾ ശീലമാക്കാൻ പ്രേരിപ്പിക്കുന്നതുമെല്ലാം ഈ ബോധവൽക്കരണ പരിപാടിയുടെ ഭാഗമാണ്.
വാർത്തകൾ വന്നത് എങ്ങനെ?
എയിംസ് നാഗ്പൂർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ, സമോസ, ജിലേബി, ലഡു, വട പാവ് തുടങ്ങിയ പലഹാരങ്ങളിലെ എണ്ണയുടെയും പഞ്ചസാരയുടെയും അളവ് വ്യക്തമാക്കുന്ന “ഓയിൽ ആൻഡ് ഷുഗർ ബോർഡുകൾ” സ്ഥാപിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചുവെന്നായിരുന്നു തിങ്കളാഴ്ച പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ. 2050-ഓടെ 45 കോടിയോളം ഇന്ത്യക്കാർ അമിതവണ്ണമുള്ളവരായി മാറുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളാണ് സർക്കാർ ഇപ്പോൾ തള്ളിക്കളഞ്ഞത്.
ദേശീയ പകർച്ചേതര രോഗ നിയന്ത്രണ പരിപാടിയുടെ (NP-NCD) ഭാഗമായാണ് സർക്കാർ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നത്.