News

ഞാൻ മരിച്ചാൽ ഉത്തരവാദി അയാൾ; ഗുരുതരാവസ്ഥയിൽ വിഡിയോയുമായി എലിസബത്ത് ഉദയൻ, ബാലയ്ക്കെതിരെ ഗുരുതര ആരോപണം

കൊച്ചി: നടൻ ബാലയുടെ മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ ആശുപത്രി കിടക്കയിൽ നിന്നും പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദി മുൻ ഭർത്താവും കുടുംബവും ആയിരിക്കുമെന്ന് എലിസബത്ത് അവശനിലയിൽ സംസാരിക്കുന്ന വിഡിയോയിൽ പറയുന്നു. “മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ?” എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മൂക്കിൽ ട്യൂബിട്ട്, തീർത്തും അവശയായി ആശുപത്രി കിടക്കയിൽ നിന്നാണ് എലിസബത്ത് സംസാരിക്കുന്നത്. തന്റെ ആരോഗ്യപ്രശ്നം എന്താണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും, ഭീഷണികൾ വഴിയും കള്ളക്കേസുകൾ നൽകിയും തന്നെ മാനസികമായി തളർത്തിയെന്ന് അവർ ആരോപിക്കുന്നു. തന്നെ വിവാഹം കഴിച്ചിട്ടില്ലെന്ന് വരെ മുൻ ഭർത്താവ് ഇപ്പോൾ പറയുന്നുണ്ടെന്നും, പിന്നെ എന്തിനാണ് ആളുകളുടെ മുന്നിൽ വെച്ച് ഭാര്യയെന്ന് പരിചയപ്പെടുത്തിയതെന്നും വിവാഹ സൽക്കാരം നടത്തിയതെന്നും എലിസബത്ത് ചോദിക്കുന്നു.

“സ്ത്രീകൾക്ക് പരാതി നൽകിയാൽ നീതി ലഭിക്കുമെന്ന് കേട്ടിട്ടുണ്ട്, പക്ഷെ എന്റെ കാര്യത്തിൽ അതുണ്ടായില്ല. സോഷ്യൽ മീഡിയയിലൂടെയും മുഖ്യമന്ത്രിക്ക് പരാതി നൽകിയും എന്റെ ഭാഗം പറയാൻ ശ്രമിച്ചു. ഇനി ഞാൻ മരിച്ചുപോയാലും എനിക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല,” എലിസബത്ത് കണ്ണീരോടെ പറയുന്നു.

ഈ അവസ്ഥയിൽ ഒരു വിഡിയോ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നിവൃത്തികേടുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് എലിസബത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്.