
തിരുവനന്തപുരം: നവമാധ്യമങ്ങളിലെ പ്രചാരണത്തിന് പുതിയ, ബൃഹത്തായ പദ്ധതിയുമായി സിപിഎം. ഔദ്യോഗിക സോഷ്യൽ മീഡിയ സെല്ലിന് പുറമെ, പ്രത്യക്ഷത്തിൽ പാർട്ടി ബന്ധമില്ലാത്ത 10,000 സ്വതന്ത്ര പ്രൊഫൈലുകളെ രംഗത്തിറക്കി സർക്കാർ അനുകൂല പ്രചാരണം ശക്തമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് എ.കെ.ജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ സിപിഎം പ്രവർത്തകനായ എം.വി. നികേഷ് കുമാറാണ് സിപിഎമ്മിന്റെ മാധ്യമ ഇടപെടല്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. നികേഷിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ സെല്‍ ഇതിനകം നിരവധി നിർദേശങ്ങള്‍ പാർട്ടിക്ക് സമർപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ‘പതിനായിരപ്പട’ എന്ന ആശയം.
മുഴുവൻ സമയ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് പാർട്ടിയിലെത്തിയ എം.വി. നികേഷ് കുമാറിനായിരുന്നു നവമാധ്യമ ഇടപെടലുകളുടെ ഏകോപന ചുമതല. 50-ഓളം ഓൺലൈൻ മാധ്യമങ്ങളുടെ ഒരു ശൃംഖല രൂപീകരിച്ച്, സർക്കാർ അനുകൂല പ്രചാരണം നടത്താനുള്ള ഒരു പദ്ധതിയും ബജറ്റും നികേഷിന്റെ നേതൃത്വത്തിലുള്ള ടീം പാർട്ടിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിന് ഇതുവരെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനിടയിലാണ് പാർട്ടി നേരിട്ട് പുതിയൊരു സംവിധാനത്തിന് രൂപം നൽകുന്നത്.
‘പതിനായിരപ്പട’യുടെ പ്രവർത്തന രീതി
ചിതറിക്കിടക്കുന്ന ഇടത് അനുഭാവ പ്രൊഫൈലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.
- തിരഞ്ഞെടുപ്പും പരിശീലനവും: വിവിധ മേഖലകളിൽ നിന്നുള്ള 10,000 പേരെ കണ്ടെത്തി, തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമിയിൽ വെച്ച് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. പാർട്ടി നേതാക്കളും സഹയാത്രികരായ ബുദ്ധിജീവികളുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
- വിശ്വാസ്യത ലക്ഷ്യം: പരിശീലനം ലഭിച്ചവരിൽ പകുതിയിലധികം പേരും വനിതകളാണ്. പ്രത്യക്ഷത്തിൽ പാർട്ടിക്കുവേണ്ടി സംസാരിക്കുന്നു എന്ന് തോന്നാത്ത രീതിയിൽ, എന്നാൽ ഇടത് ആശയങ്ങളിൽ ഊന്നിനിന്ന് സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ പ്രൊഫൈലുകളെ ഉപയോഗിക്കുക. ഇതിലൂടെ പറയുന്ന കാര്യങ്ങൾക്ക് വിശ്വാസ്യതയും പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യതയും ലഭിക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഈ ‘പതിനായിരപ്പട’യെ പൂർണ്ണമായി പ്രവർത്തന സജ്ജമാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.