
എഫ്-35ബി വീണ്ടും പറക്കാൻ റെഡി; ബ്രിട്ടീഷ് യുദ്ധവിമാനം അറ്റകുറ്റപ്പണി കഴിഞ്ഞ് മടക്കയാത്രയ്ക്ക്
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘അതിഥി’യായി തുടരുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ് 35ബി സ്റ്റെൽത്ത് യുദ്ധ വിമാനം മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ ബ്രിട്ടനിൽ നിന്നെത്തിയ വിദഗ്ധ സംഘം പൂർണ്ണമായി പരിഹരിച്ചു. സൈനികതല അനുമതി ലഭിക്കുന്നതോടെ വിമാനം തിരികെ പറന്നുയരും. ജൂലൈ 23ന് തിരികെ പോകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
ഇന്ത്യ-പസഫിക് മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലിൽ നിന്ന് ഇന്ധനം കുറഞ്ഞതിനെ തുടർന്ന് ജൂൺ 14-നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഈ ലാൻഡിംഗിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചിരുന്നു. തുടർന്ന് ബ്രിട്ടനിൽ നിന്ന് 14 അംഗ വിദഗ്ധ സംഘം എയർബസ് 400 വിമാനത്തിൽ പ്രത്യേക ഉപകരണങ്ങളുമായി എത്തിയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി വിമാനം ഹാങ്ങറിൽ നിന്ന് പുറത്തിറക്കി എഞ്ചിൻക്ഷമത പരിശോധിച്ചിരുന്നു. മടക്കയാത്രയ്ക്ക് മുന്നോടിയായി റൺവേയിൽ ടേക്ക് ഓഫ്, ലാൻഡിങ് പരീക്ഷണങ്ങൾ നടത്തി വിമാനം പൂർണ്ണ സജ്ജമാണെന്ന് ഉറപ്പാക്കും. വിദഗ്ധ സംഘത്തെയും ഉപകരണങ്ങളെയും തിരികെ കൊണ്ടുപോകുന്നതിനായി അമേരിക്കൻ നിർമ്മിത സി-17 ഗ്ലോബ് മാസ്റ്റർ വിമാനവും തിരുവനന്തപുരത്ത് എത്തും.
അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച എഫ് 35ബി, ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ ഒന്നാണ്.