
‘ഡോൺ’ സൂപ്പർഹിറ്റ്, പക്ഷെ നിർമ്മാതാവ് പട്ടിണിയിലായി; റിലീസിന് മുൻപേ മരണം, സിനിമയുടെ ലാഭം കടം വീട്ടാൻ! പിന്നിലെ കണ്ണീർക്കഥ
മുംബൈ: അമിതാഭ് ബച്ചനെന്ന താരത്തെ സൂപ്പർസ്റ്റാർ പദവിയിൽ ഉറപ്പിച്ച എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററാണ് ‘ഡോൺ’. എന്നാൽ, ആ സിനിമയുടെ വിജയത്തിന് പിന്നിൽ അതിന്റെ നിർമ്മാതാവായ നരിമാൻ ഇറാനിയുടെ കണ്ണീരിന്റെയും പട്ടിണിയുടെയും ദാരുണമായ മരണത്തിന്റെയും കഥയുണ്ട്. സിനിമയുടെ നിർമ്മാണം അദ്ദേഹത്തെ സാമ്പത്തികമായി തകർത്തു, ഭക്ഷണത്തിനു പോലും പണമില്ലാത്ത അവസ്ഥയിലായി. ഒടുവിൽ, സിനിമയുടെ റിലീസിന് ആഴ്ചകൾക്ക് മുൻപ് ഒരു അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു. ‘ഡോൺ’ നേടിയ കോടികളുടെ ലാഭം ഉപയോഗിച്ചത് നരിമാൻ ഇറാനിയുടെ കടങ്ങൾ വീട്ടാനായിരുന്നു.
‘ഖൈ കേ പാൻ’ പിറന്ന കഥ
പ്രശസ്ത ഗാനരചയിതാവ് സമീർ അൻജാൻ പറയുന്നതനുസരിച്ച്, ‘ഡോണി’ന്റെ ഐക്കോണിക് ഗാനമായ ‘ഖൈകേ പാൻ ബനാറസ് വാലാ’ ആദ്യം സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമയുടെ ആദ്യ പ്രിവ്യൂ കണ്ട തിരക്കഥാകൃത്ത് ജാവേദ് അക്തർ, രണ്ടാം പകുതിയിൽ ആക്ഷൻ രംഗങ്ങൾ കൂടിപ്പോയെന്നും ഒരു ഗാനം അത്യാവശ്യമാണെന്നും വാശിപിടിച്ചു. എന്നാൽ പണമില്ലാതെ തകർന്നടിഞ്ഞ നിർമ്മാതാവ് നരിമാൻ ഇറാനിക്ക് ഒരു പുതിയ ഗാനം ചിത്രീകരിക്കാൻ കഴിയുമായിരുന്നില്ല.

“ജാവേദ് അക്തർ വഴങ്ങിയില്ല. ഒടുവിൽ ഗാനം റെക്കോർഡ് ചെയ്തു. പക്ഷെ, അടുത്ത പ്രശ്നം ബച്ചന്റെ ഡേറ്റായിരുന്നു. വിദേശയാത്രയ്ക്ക് പോകുന്നതിന് മുൻപ് അദ്ദേഹത്തിന് ഒരു ദിവസം മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗിനായി സെറ്റിടാൻ പോലും പണമോ സമയമോ ഇല്ലായിരുന്നു. ഒടുവിൽ ഗോരെഗാവിലെ ഒരു കാലിത്തൊഴുത്തിൽ (തബേല) വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ആ ഐക്കോണിക് ഗാനം ചിത്രീകരിച്ചത്,” സമീർ ഓർക്കുന്നു.
ദാരുണാന്ത്യവും സുഹൃത്തുക്കളുടെ സ്നേഹവും
‘ഡോൺ’ റിലീസ് ചെയ്യുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ്, നടൻ മനോജ് കുമാറിന്റെ മറ്റൊരു സിനിമയുടെ ലൊക്കേഷനിലുണ്ടായ ശക്തമായ മഴയിൽ ഒരു മതിൽ ഇടിഞ്ഞുവീണ് നരിമാൻ ഇറാനി ദാരുണമായി മരണപ്പെട്ടു.
‘ഡോൺ’ എന്ന സിനിമ തന്നെ സുഹൃത്തുക്കൾ ചേർന്ന് നരിമാൻ ഇറാനിയെ കടത്തിൽ നിന്ന് രക്ഷിക്കാനാണ് ആരംഭിച്ചതെന്ന് സംവിധായകൻ ചന്ദ്ര ബരോട്ട് പറയുന്നു. “അദ്ദേഹത്തിന്റെ ആദ്യ സിനിമ പരാജയപ്പെട്ട് വലിയ കടത്തിലായിരുന്നു. സുഹൃത്തുക്കളെന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അമിതാഭ് ബച്ചൻ, സീനത്ത് അമൻ, പ്രൺ, സലിം-ജാവേദ് എന്നിവരെല്ലാം ചേർന്ന് ഈ സിനിമ തുടങ്ങിയത്. വെറും 25 ലക്ഷം രൂപ ബജറ്റിലാണ് ‘ഡോൺ’ പൂർത്തിയാക്കിയത്,” ചന്ദ്ര ബരോട്ട് പറഞ്ഞു.

നരിമാൻ ഇറാനിയുടെ മരണശേഷം നടി സീനത്ത് അമൻ ‘ഡോണി’ൽ അഭിനയിച്ചതിന്റെ പ്രതിഫലം പൂർണ്ണമായി വേണ്ടെന്നുവെച്ചു. ആ പണം അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകാനാണ് അവർ ആവശ്യപ്പെട്ടത്. അങ്ങനെ, ഒരു നിർമ്മാതാവിന്റെ ജീവിതം ഹോമിച്ച്, സുഹൃത്തുക്കളുടെ സ്നേഹത്തിൽ പൂർത്തിയായ ‘ഡോൺ’ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറി.