
സൂറിച്ച്: 2026 ഫിഫ ലോകകപ്പിനായുള്ള ടിക്കറ്റ് വിൽപ്പന ഈ വർഷം സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണിത്. ഘട്ടം ഘട്ടമായായിരിക്കും ടിക്കറ്റുകൾ പുറത്തിറക്കുക. ടിക്കറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ആരാധകർക്ക്, ഫിഫയുടെ ഔദ്യോഗ വെബ്സൈറ്റിൽ ഇപ്പോൾ പ്രീ-രജിസ്റ്റർ ചെയ്യാവുന്നതാണ്.
“ലോകത്തെ വീണ്ടും വടക്കേ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ ഒരുങ്ങുകയാണ്. ലോക കായികരംഗത്തെ ഏറ്റവും വിലയേറിയ സീറ്റുകളായിരിക്കും ഇവ,” എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ്
48 ടീമുകളും 104 മത്സരങ്ങളുമായി, ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പായിരിക്കും 2026-ലേത്. 2026 ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലാണ് ഉദ്ഘാടന മത്സരം. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലാണ് ഫൈനൽ. കാനഡയിലും മെക്സിക്കോയിലുമായി 13 മത്സരങ്ങൾ വീതം നടക്കുമ്പോൾ, ക്വാർട്ടർ ഫൈനൽ മുതലുള്ള എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും അമേരിക്കയായിരിക്കും വേദിയാകുക.
വിസ നിയന്ത്രണങ്ങൾ ആശങ്കയാകുന്നു
അതേസമയം, അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം അടുത്തിടെ ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങളും പുതിയ വിസ ഫീസുകളും ലോകകപ്പിനെത്തുന്ന ആരാധകരുടെ എണ്ണത്തെ ബാധിച്ചേക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ലോകകപ്പിന് യോഗ്യത നേടിയ ഇറാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്ക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് 250 ഡോളറിന്റെ “വിസ ഇന്റഗ്രിറ്റി ഫീസ്” ഏർപ്പെടുത്തിയതും തിരിച്ചടിയായേക്കാം.
ഈ പ്രശ്നങ്ങൾക്കിടയിലും, ലയണൽ മെസ്സിയുടെ വരവോടെ അമേരിക്കയിൽ ഫുട്ബോളിന് ലഭിച്ച വൻ പ്രചാരം, ലോകകപ്പിന് റെക്കോർഡ് കാണികളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ടിക്കറ്റ് വിൽപ്പനയുടെ കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ ഫിഫ പുറത്തുവിടും.