
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയും നടി തൃഷയും തമ്മിലുള്ള പ്രണയത്തെയും രാഷ്ട്രീയ പ്രവേശനത്തെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. തൃഷ അമ്മയുമായി പിണങ്ങിയിരിക്കുകയാണെന്നും, ഇപ്പോൾ താമസിക്കുന്നത് വിജയ്‌ക്കൊപ്പമാണെന്നുമാണ് ആലപ്പി അഷ്റഫ് ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞത്. ഇതോടെ, തമിഴകത്ത് ഏറെ നാളായി ചർച്ചയിലുള്ള വിജയ്-തൃഷ ബന്ധം വീണ്ടും വാർത്തകളിൽ നിറയുകയാണ്.
‘പുതിയ എംജിആറും ജയലളിതയും’
തമിഴ്നാട്ടിലെ അടുത്ത എംജിആറും ജയലളിതയുമായി വിജയും തൃഷയും മാറാൻ സാധ്യതയുണ്ടെന്നും ആലപ്പി അഷ്റഫ് നിരീക്ഷിക്കുന്നു. “തമിഴ് സിനിമാരംഗത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് വിജയും തൃഷയും. സ്വാഭാവികമായും ഇത്തരം സെലിബ്രിറ്റികളുടെ വ്യക്തിജീവിതവും പൊതുസമൂഹത്തിൽ ചർച്ചയാകും,” അദ്ദേഹം പറഞ്ഞു.

വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നതിന് പിന്നാലെ, തൃഷയും അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തമിഴ് സിനിമാ നിരീക്ഷകനായ വി.പി. അനന്തനാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. അഭിനയം ഉപേക്ഷിക്കുന്നതിൽ തൃഷയുടെ അമ്മ എതിർപ്പ് പ്രകടിപ്പിച്ചെന്നും, ഇതേത്തുടർന്ന് ഇരുവരും തമ്മിൽ പിണങ്ങിയെന്നുമാണ് വാർത്തകൾ.
യാഥാർത്ഥ്യമാകുന്ന ഗോസിപ്പുകൾ
തൃഷയെ സംബന്ധിച്ച് മുൻപ് വന്ന ഗോസിപ്പുകളെല്ലാം പിന്നീട് യാഥാർത്ഥ്യമായി മാറാറുണ്ടെന്നും, അതിനാൽ ഈ രാഷ്ട്രീയ പ്രവേശനവും പ്രണയവും യാഥാർത്ഥ്യമാകാനാണ് സാധ്യതയെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു. അതേസമയം, വിജയ്‌യോ തൃഷയോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെയും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.