
ലക്നൗ: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളികളുടെയും ഗുണ്ടാസംഘങ്ങളുടെയും പേടിസ്വപ്നമായി മാറിയ ‘ഓപ്പറേഷൻ ലംഗ്ട’യിലൂടെ (Operation Langda) കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പോലീസ് വകവരുത്തിയത് 238 കുറ്റവാളികളെ. 2017 മാർച്ചിന് ശേഷം നടന്ന ഈ കർശന നടപടിയിൽ, 30,694-ൽ അധികം കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ഗുണ്ടാരാജ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ ഈ ശക്തമായ നീക്കം.
ലക്നൗ, ഗാസിയാബാദ്, ഷംലി, ഝാൻസി, മീററ്റ്, ആഗ്ര തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന നിരവധി ഏറ്റുമുട്ടലുകളിലൂടെയാണ് കുറ്റവാളികളെ പിടികൂടിയത്.

എന്താണ് ‘ഓപ്പറേഷൻ ലംഗ്ട’?
പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള യുപി പോലീസിന്റെ പ്രത്യേക ഓപ്പറേഷനാണിത്. അറസ്റ്റിനെ ചെറുക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്ന കുറ്റവാളികളെ കാലിൽ വെടിവെച്ച് വീഴ്ത്താനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കാലിൽ വെടിയേറ്റ് പിന്നീട് ജീവിതകാലം മുഴുവൻ മുടന്തി നടക്കേണ്ടി വരുന്നതിനാലാണ് ഈ ഓപ്പറേഷന് ‘ലംഗ്ട’ (മുടന്തൻ) എന്ന് പേര് വന്നത്.
ഈ കർശന നടപടി കുറ്റവാളികൾക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്നും, പലരും കുറ്റകൃത്യങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ തയ്യാറാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
പോലീസുകാരുടെ ത്യാഗം
ഈ ഏറ്റുമുട്ടലുകൾക്കിടയിൽ പോലീസുകാർക്കും വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ, 18 പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാവുകയും, 1,711 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മീററ്റിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത് (80). വാരണാസിയിൽ 26-ഉം, ആഗ്രയിൽ 20-ഉം, ലക്നൗവിൽ 15-ഉം ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.