International

ഡേറ്റിംഗ് ആപ്പിൽ പ്രണയം, വലയിലായത് അമേരിക്കൻ സൈനികൻ; യുക്രൈൻ യുവതി ചോർത്തിയത് നിർണായക സൈനിക രഹസ്യങ്ങൾ

വാഷിംഗ്ടൺ: ഡേറ്റിംഗ് ആപ്പിലൂടെ പ്രണയം നടിച്ച് അമേരിക്കൻ സൈന്യത്തിലെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കി യുക്രൈൻ യുവതി നിർണായക സൈനിക രഹസ്യങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. യുക്രൈൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട റഷ്യൻ സൈനിക നീക്കങ്ങളെക്കുറിച്ചും അമേരിക്കൻ പദ്ധതികളെക്കുറിച്ചുമുള്ള അതീവ രഹസ്യ വിവരങ്ങളാണ് യുവതി കൈക്കലാക്കിയത്. സംഭവത്തിൽ, യുഎസ് ആർമിയിലെ മുൻ ലഫ്റ്റനന്റ് കേണലായ ഡേവിഡ് ഫ്രാങ്ക്ലിൻ സ്ലേറ്റർ (64) കുറ്റസമ്മതം നടത്തിയതായി യുഎസ് നിയമ വകുപ്പ് അറിയിച്ചു.

യുഎസ് എയർഫോഴ്സ് ബേസിൽ ഉയർന്ന സുരക്ഷാ ചുമതലയുള്ള സിവിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു സ്ലേറ്റർ. ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇദ്ദേഹം യുക്രൈൻ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.

‘പ്രിയപ്പെട്ട ചാരനും’ പ്രണയ സന്ദേശങ്ങളും

“എന്റെ പ്രിയപ്പെട്ട രഹസ്യ വിവരദാതാവ്”, “എന്റെ സീക്രട്ട് ഏജന്റ്” എന്നിങ്ങനെ സ്നേഹം നിറഞ്ഞ വാക്കുകളിലൂടെയാണ് യുവതി സ്ലേറ്ററിൽ നിന്ന് വിവരങ്ങൾ ചോർത്തിയത്. റഷ്യയുടെ സൈനിക ലക്ഷ്യങ്ങൾ, നാറ്റോ ഉദ്യോഗസ്ഥരുടെ യാത്രാ പദ്ധതികൾ, ബൈഡൻ ഭരണകൂടത്തിന്റെ രഹസ്യ നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസിഫൈഡ് വിവരങ്ങൾ സ്ലേറ്റർ യുവതിക്ക് കൈമാറി.

“പ്രിയപ്പെട്ട ഡേവ്, നാറ്റോയ്ക്കും ബൈഡനും ഞങ്ങളെ സഹായിക്കാൻ എന്തെങ്കിലും രഹസ്യ പദ്ധതിയുണ്ടോ?” എന്ന് യുവതി ചോദിക്കുന്ന സന്ദേശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈൻ ആക്രമണം ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഇവർ തമ്മിലുള്ള ആശയവിനിമയം ആരംഭിച്ചിരുന്നു.

കുറ്റസമ്മതം, 10 വർഷം വരെ തടവ്

2024 മാർച്ചിലാണ് സ്ലേറ്റർ അറസ്റ്റിലായത്. തുടർന്ന്, ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ വിദേശ പ്ലാറ്റ്‌ഫോം വഴി കൈമാറിയെന്ന കുറ്റം അദ്ദേഹം സമ്മതിച്ചു. രാജ്യസുരക്ഷാ വിവരങ്ങൾ സംരക്ഷിക്കാനുള്ള തന്റെ ഉത്തരവാദിത്തത്തിൽ സ്ലേറ്റർ പരാജയപ്പെട്ടുവെന്ന് യുഎസ് അസിസ്റ്റന്റ് അറ്റോർണി ജനറൽ ജോൺ എ. ഐസൻബർഗ് പറഞ്ഞു.

“വർഷങ്ങളുടെ സൈനിക പരിചയമുണ്ടായിട്ടും, ഒരു ഓൺലൈൻ വ്യക്തിത്വത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നതിൽ സ്ലേറ്റർ പരാജയപ്പെട്ടു,” എന്ന് നെബ്രാസ്കയിലെ യുഎസ് അറ്റോർണി ലെസ്ലി എ. വുഡ്സ് കൂട്ടിച്ചേർത്തു.

സ്ലേറ്ററിന് 10 വർഷം വരെ തടവും, 250,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബർ 8-ന് ശിക്ഷ വിധിക്കും.