
ന്യൂഡൽഹി: എൻസിപിയിലെ പിളർപ്പ് കേരളത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ശരദ് പവാറിനൊപ്പം തുടർന്നാൽ മന്ത്രി എ.കെ. ശശീന്ദ്രനെയും, എംഎൽഎ തോമസ് കെ. തോമസിനെയും അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ് നൽകി അജിത് പവാർ പക്ഷം. എൻസിപി ദേശീയ അധ്യക്ഷൻ പ്രഫുൽ പട്ടേലാണ് ഇരുവർക്കും എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.
പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി, ഇരുവരെയും ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും, ഉടൻ എംഎൽഎ സ്ഥാനം രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജൂലൈ നാലിന് അയച്ച കത്തിൽ പറയുന്നു.
തർക്കങ്ങളുടെ പശ്ചാത്തലം
എൻസിപി പിളർന്നപ്പോൾ, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയാണ് ഔദ്യോഗിക എൻസിപിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത്. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ‘ക്ലോക്കും’ ഇവർക്കാണ് അനുവദിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ക്ലോക്ക് ചിഹ്നത്തിലാണ് മത്സരിച്ച് ജയിച്ചത്.
കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാണ് അജിത് പവാറിന്റെ എൻസിപി. എന്നാൽ, കേരളത്തിൽ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഇടതുമുന്നണിയുടെ ഭാഗമായി തുടരുകയാണ്. ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായ ഒരു പാർട്ടിയുടെ എംഎൽഎമാർ എങ്ങനെ കേരളത്തിൽ എൽഡിഎഫിൽ തുടരുമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ചോദ്യം ഉന്നയിച്ചിരുന്നു.
‘അവർക്ക് വേറെ പണിയില്ലാത്തതുകൊണ്ട്’
അതേസമയം, പ്രഫുൽ പട്ടേലിന്റെ കത്തിന് പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്നാണ് തോമസ് കെ. തോമസിന്റെ പ്രതികരണം. “കേരളത്തിലെ എൻസിപി എംഎൽഎമാർ ശരദ് പവാറിനൊപ്പമാണ്. അവർക്ക് മറ്റ് പണിയില്ലാത്തതിനാലാണ് കത്തയച്ചിരിക്കുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രഫുൽ പട്ടേൽ മെയ് മാസത്തിലും ഇരുവർക്കും കത്തയച്ചിരുന്നു. ഇതിന് വിശദീകരണം നൽകാത്തതിനെ തുടർന്നാണ് ഇപ്പോഴത്തെ അന്ത്യശാസനം.