
‘വിവാഹത്തിന് വാങ്ങിയ കടം വീട്ടാനായില്ല’; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ചെന്നൈ: നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെ പോരാടി പ്രശസ്തയായ മോഡൽ സാൻ റേച്ചൽ ഗാന്ധിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. വിവാഹ ആവശ്യത്തിനായി വാങ്ങിയ ആറ് ലക്ഷം രൂപയുടെ കടം വീട്ടാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പോലീസ് അറിയിച്ചു.
അമിതമായി ഉറക്കഗുളിക കഴിച്ചാണ് റേച്ചൽ ജീവനൊടുക്കിയത്. അച്ഛന് എഴുതിയ കത്തിലാണ്, ഒരാൾക്ക് പണം നൽകാനുണ്ടെന്ന് സൂചിപ്പിച്ചിട്ടുള്ളത്. അച്ഛനോ ഭർത്താവോ അറിയാതെയാണ് ഈ പണം കടം വാങ്ങിയതെന്നും, ഇത് തിരികെ നൽകാൻ കഴിയാത്തതിലുള്ള വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. മരണത്തിൽ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിറത്തിനെതിരെ പോരാടിയ റാണി
പുതുച്ചേരിയിൽ ജനിച്ച് വളർന്ന സാൻ റേച്ചലിന്, കറുത്ത നിറത്തിന്റെ പേരിൽ മോഡലിംഗിന്റെ തുടക്കകാലത്ത് നിരവധി അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വിവേചനങ്ങൾക്കെതിരെ പോരാടി, വളരെ വേഗം തന്നെ അവർ ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തി.
മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ നിരവധി സൗന്ദര്യ കിരീടങ്ങൾ റേച്ചൽ നേടിയിട്ടുണ്ട്. മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അവർ, പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണങ്ങളും റേച്ചൽ നയിച്ചിരുന്നു.