Kerala Government NewsNews

സെക്രട്ടേറിയറ്റിലെ ‘നാദം’ ഹാളിന് എ.സി; 7.84 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ അനക്സ്-2 കെട്ടിടത്തിലെ ‘നാദം’ ഹാൾ പൂർണ്ണമായും ശീതീകരിക്കുന്നതിന് 7.84 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുത വിഭാഗം മുഖേന എയർ കണ്ടീഷണറുകൾ സ്ഥാപിക്കാനും, ആവശ്യമായ മറ്റ് ഇലക്ട്രിക്കൽ ജോലികൾക്കുമായാണ് 7,84,000 രൂപയ്ക്ക് ഭരണാനുമതി നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

സെക്രട്ടേറിയറ്റ് സ്പോർട്സ് & കൾച്ചറൽ അസോസിയേഷന്റെ ആവശ്യപ്രകാരമാണ് നടപടി. അനക്സ്-2 കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് ‘നാദം’ ഹാൾ സ്ഥിതി ചെയ്യുന്നത്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പരിഗണിച്ചാണ് സർക്കാർ തുക അനുവദിച്ചത്.

ഈ സാമ്പത്തിക വർഷത്തെ “ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ” (Minor Works) എന്ന ശീർഷകത്തിൽ നിന്നായിരിക്കും തുക വിനിയോഗിക്കുകയെന്നും 2025 ജൂലൈ 15-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ (സ.ഉ.(സാധാ) നം.3048/2025/GAD) പറയുന്നു.