
3000 സർക്കാർ വണ്ടികൾ കുറഞ്ഞു; ഡ്രൈവർമാരെ പുനർവിന്യസിക്കാൻ ഉത്തരവ്
തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന 3000-ത്തോളം സർക്കാർ വാഹനങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് ജോലിയില്ലാതായ ഡ്രൈവർമാരെ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കാൻ സർക്കാർ തീരുമാനം. വകുപ്പ് മേധാവികൾക്ക് ഇത് സംബന്ധിച്ച അധികാരം നൽകി ധനവകുപ്പ് ഉത്തരവിറക്കി.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മോട്ടോർ വാഹന ചട്ട ഭേദഗതിയെ തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ വാഹനങ്ങൾ കൂട്ടത്തോടെ ഒഴിവാക്കിയത്. ഇതോടെ, പല സർക്കാർ ഓഫീസുകളിലും വാഹനമില്ലാതാവുകയും, സ്ഥിരം ഡ്രൈവർമാർക്ക് ജോലിയൊന്നുമില്ലാതെ വെറുതെയിരിക്കേണ്ട അവസ്ഥ വരികയും ചെയ്തിരുന്നു. അതേസമയം, മറ്റ് ചില ഓഫീസുകളിൽ വാഹനമുണ്ടെങ്കിലും സ്ഥിരം ഡ്രൈവർ തസ്തികയില്ലാത്ത സാഹചര്യവുമുണ്ട്.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ നടപടി. ഇതനുസരിച്ച്, അധികമുള്ള സ്ഥിരം ഡ്രൈവർമാരെ ആദ്യം അതത് വകുപ്പുകളിലെ മറ്റ് ഓഫീസുകളിലേക്ക് പുനർവിന്യസിക്കും. അതിന് ശേഷവും അധികമുള്ളവരുടെ വിവരം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ അറിയിക്കണം. ഇവരുടെ സർവീസും ശമ്പളവും സംരക്ഷിച്ച്, മറ്റ് വകുപ്പുകളിലെ ഒഴിവുകളിലേക്ക് മാറ്റി നിയമിക്കാനാണ് സർക്കാർ തീരുമാനം.