Kerala Government NewsNews

എല്ലാ സർക്കാർ ഓഫീസുകൾക്ക് പുറത്തും ഇനി CCTV; അര കിലോമീറ്റർ നിരീക്ഷിക്കാൻ ശേഷിയുള്ള ക്യാമറകൾ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പുറത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഓഫീസുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും, അനിഷ്ട സംഭവങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.

അര കിലോമീറ്റർ പരിധിയിലുള്ള ദൃശ്യങ്ങൾ വരെ പകർത്താൻ ശേഷിയുള്ള ഉയർന്ന നിലവാരത്തിലുള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുക. ഇതിന് പുറമെ, സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു സംയോജിത സുരക്ഷാ ശൃംഖല സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഈ ശൃംഖലയിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടാൽ പോലീസുമായി പങ്കുവെക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി.

നിലവിൽ മിക്ക സർക്കാർ ഓഫീസുകളിലും സിസിടിവി സൗകര്യമുണ്ടെങ്കിലും, അവ കെട്ടിടങ്ങൾക്കുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ നിരീക്ഷണം കെട്ടിടങ്ങൾക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഒന്നിലധികം ഓഫീസുകൾ പ്രവർത്തിക്കുന്ന വലിയ കെട്ടിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ചുമതല ഒരു പ്രത്യേക ഉദ്യോഗസ്ഥന് നൽകും.

പദ്ധതിയുടെ ഏകോപന ചുമതല ഐടി വകുപ്പിനും, ആവശ്യമായ ഫണ്ട് ലഭ്യമാക്കേണ്ട ചുമതല ധനവകുപ്പിനുമായിരിക്കും.