Cinema

‘മതം ഞങ്ങൾക്കിടയിൽ വിഷയമല്ല, പഠിപ്പിക്കേണ്ടത് നല്ല മനുഷ്യനാകാൻ’; മറുപടിയുമായി ആര്യ

കൊച്ചി: അവതാരകയും നടിയുമായ ആര്യയുടെയും പ്രതിശ്രുത വരൻ സിബിൻ ബെഞ്ചമിന്റെയും വിവാഹ വിശേഷങ്ങൾക്കിടെ, ഇരുവരുടെയും മതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യത്തിന് പക്വമായ മറുപടിയുമായി ആര്യ. ഹിന്ദുവായ താനും ക്രിസ്ത്യാനിയായ സിബിനും വിവാഹം കഴിക്കുമ്പോൾ മതം ഒരു വിഷയമാകില്ലേയെന്ന ആരാധകന്റെ ചോദ്യത്തിനാണ് ആര്യയുടെ ഹൃദയത്തിൽ തൊടുന്ന മറുപടി.

“കുട്ടികളെ എങ്ങനെ നല്ല മനുഷ്യനാകാമെന്ന് പഠിപ്പിക്കുകയോ വഴികാട്ടുകയോ ആണ് വേണ്ടത്. ദയ, ഉദാരമനസ്കത, ക്ഷമ, മര്യാദ, സഹാനുഭൂതി എന്നിവയുള്ള ഒരു മനുഷ്യനാകാനാണ് പഠിപ്പിക്കേണ്ടത്. ഞങ്ങൾക്ക് ഇടയിൽ മതം ഒരു വിഷയമല്ല, ഒരിക്കലും വിഷയമാകുകയുമില്ല,” എന്നാണ് ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ മറുപടിക്ക് വലിയ കൈയ്യടിയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

പ്രണയവും വിവാഹവും

താൻ പ്രണയത്തിലാണെന്നും വിവാഹം നിശ്ചയിച്ചുവെന്നും ഒന്നര മാസം മുൻപാണ് ആര്യ വെളിപ്പെടുത്തിയത്. വർഷങ്ങളായി അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളും, സിബിന് ഒരു മകനുമുണ്ട്. ആര്യയുടെ മകൾ ഖുശി, എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി നിന്ന സുഹൃത്താണ് സിബിനെന്നും, അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്നും ആര്യ മുൻപ് പറഞ്ഞിരുന്നു. ഈ വർഷം ചിങ്ങമാസത്തിലാണ് ഇരുവരുടെയും വിവാഹം.

ബിസിനസ്സ് രംഗത്തും സജീവമായ ആര്യ, ‘കാഞ്ചീവരം’ എന്ന പേരിൽ ഒരു ബൊട്ടീക്കും നടത്തുന്നുണ്ട്.