Job Vacancy

തിരുവനന്തപുരത്തെ നിഷിൽ പ്രോജക്ട് നിയമനം; 36,000 രൂപ ശമ്പളം, ഇന്റർവ്യൂ ജൂലൈ 21-ന്

തിരുവനന്തപുരം: ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രോജക്റ്റിലേക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 36,000 രൂപ വേതനം ലഭിക്കും.

“ഭിന്നശേഷിയുള്ള വ്യക്തികൾക്കായി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ സ്ഥാപിക്കൽ” എന്ന പ്രോജക്റ്റിലേക്കാണ് നിയമനം.

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്/പബ്ലിക് ഹെൽത്ത്/സൈക്കോളജി/ഡിസെബിലിറ്റി സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. ഈ വിഷയങ്ങളിൽ എം.ഫിൽ അല്ലെങ്കിൽ പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും.
  • പ്രവൃത്തിപരിചയം: പ്രോജക്ട് ലീഡ് അല്ലെങ്കിൽ ടീം ലീഡായി കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം. ഭിന്നശേഷി മേഖലയിലെ പ്രോജക്റ്റുകളിൽ പ്രവർത്തിച്ചവർക്ക് പ്രത്യേക പരിഗണനയുണ്ട്.
  • വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.

വാക്ക്-ഇൻ-ഇന്റർവ്യൂ

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 21, തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് ക്യാമ്പസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം.

അപേക്ഷാ ഫോറം, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമാണ് എത്തേണ്ടത്. അസ്സൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കണം.