NewsPolitics

മുകേഷിന് വിശ്രമിക്കാം! ചിന്താ ജെറോം കൊല്ലത്തേക്ക്; ബേബിയുടേയും ക്ലിഫ് ഹൗസിൻ്റെയും പിന്തുണ ചിന്തക്ക്

വേറിട്ട പ്രസംഗ ശൈലിക്ക് ഉടമയായ ചിന്താ ജെറോമിൻ്റെ വാഗ്ദോരണി നിയമസഭയിൽ മുഴങ്ങുവോ? കൊല്ലത്തെ ജനങ്ങൾ മനസ് വച്ചാൽ ചിന്താ ജെറോമിൻ്റെ നിയമസഭ പ്രസംഗം കേൾക്കാം. 2026 ൽ കൊല്ലം നിയമസഭ മണ്ഡലത്തിൽ മൽസരിക്കാൻ ഒരുങ്ങുകയാണ് ചിന്താ ജെറോം.

ലോകസഭ , നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിന്താ ജെറോമിൻ്റെ പേര് പലവട്ടം സ്ഥാനാർത്ഥിയായി ഉയർന്നെങ്കിലും ചിന്തക്ക് ഭാഗ്യം ഉണ്ടായില്ല. 2026 ൽ ചിന്തയെ ഭാഗ്യ ദേവത കടാക്ഷിക്കുന്നത് നടൻ മുകേഷിൻ്റെ രൂപത്തിലാണ്.

2016 ൽ 17611 വോട്ടിന് കൊല്ലത്ത് നിന്ന് ജയിച്ച മുകേഷ് 2021 ൽ ജയിച്ചത് വെറും 2072 വോട്ടിനാണ്. അത്രയ്ക്കാണ് കൊല്ലത്ത് മുകേഷിൻ്റെ പ്രവർത്തനം. 2021 ൽ പി.സി വിഷ്ണുനാഥ് കൊല്ലത്ത് മൽസരിച്ചിരുന്നെങ്കിൽ മുകേഷിൻ്റെ കഥ അന്നേ കഴിഞ്ഞേനെ എന്ന് പാർട്ടിക്കാർ പോലും സമ്മതിക്കുന്ന കാര്യമാണ്.
എന്തായാലും മുകേഷിൻ്റെ കഥ കഴിക്കാൻ പാർട്ടി തന്നെ തീരുമാനിച്ചതോടെയാണ് ചിന്തയുടെ ശുക്രൻ തെളിഞ്ഞത്.

ചിന്ത കൊല്ലത്ത് സജീവമായി കഴിഞ്ഞു. എം.എ. ബേബിയാണ് ചിന്തയുടെ രാഷ്ട്രിയ ഗുരു. ബേബിയുടെ പിന്തുണയോടെ കൊല്ലത്ത് ചിന്തയിറങ്ങുമ്പോൾ പാർട്ടി ഒന്നടങ്കം ചിന്തക്ക് പിന്നിൽ അണിനിരക്കും. പാർട്ടിയിലെ പ്രബല വിഭാഗത്തിൻ്റെ കണ്ണിലുണ്ണി കൂടിയാണ് ചിന്ത. ക്ലിഫ് ഹൗസിൽ ഏത് സമയത്തും പ്രവേശിക്കാൻ സ്വാതന്ത്ര്യം ഉള്ള അപൂർവ്വം പേരിൽ ഒരാളാണ് ചിന്ത. വീണയ്ക്കും റിയാസിനും അത്രമേൽ പ്രിയങ്കരിയാണ് ചിന്ത.

കൊല്ലം സീറ്റിൽ കണ്ണ് വച്ചിരിക്കുന്ന കെ എസ് എഫ് ഇ ചെയർമാൻ വരദരാജൻ അടക്കമുള്ളവർക്ക് ഇത് നന്നായറിയാം. കുണ്ടറക്കാരിയായ ചിന്ത മേഴ്സിക്കുട്ടി അമ്മ മൽസരിച്ച കുണ്ടറയിൽ നിൽക്കട്ടെ എന്നാണ് ഇവർ പറയുന്നത്. 2021 ൽ 4523 വോട്ടിനാണ് പി.സി വിഷ്ണുനാഥ് മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിക്കുകയാണ് പി.സി. വിഷ്ണുനാഥ്. അതുകൊണ്ട് തന്നെ കുണ്ടറയിൽ ഇറങ്ങുന്നത് പന്തിയല്ലെന്ന് ഏറ്റവും നന്നായറിയാവുന്നത് ചിന്തയ്ക്കാണ്.

ബേബിയും ക്ലിഫ് ഹൗസും പിന്തുണയ്ക്കുന്ന ചിന്തക്ക് ആഗ്രഹിക്കുന്ന കൊല്ലം സീറ്റ് കിട്ടുമെന്ന് ഉറപ്പാണ്. ചിന്തയുടെ പ്രസംഗം 2026 ൽ നിയമസഭയിൽ മുഴങ്ങാൻ കൊല്ലത്തെ ജനങ്ങൾ അനുവദിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.