Kerala Government NewsNews

ക്ഷാമബത്തക്ക് നിയമസഭയിലെ ചോദ്യത്തിന് 5 മാസമായിട്ടും മറുപടി നൽകാതെ കെ.എൻ. ബാലഗോപാല്‍; കുടിശ്ശിക 22 ശതമാനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) കുടിശ്ശിക 22 ശതമാനത്തിലേക്ക് കുതിക്കുമ്പോഴും, ഇത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് അഞ്ച് മാസമായിട്ടും ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകിയില്ല. പി.സി. വിഷ്ണുനാഥ് എംഎൽഎ 2025 ഫെബ്രുവരി 10-ന് ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രിയുടെ മൗനം. ഇത് സർക്കാരിന്റെ ജീവനക്കാരോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.

കുടിശ്ശികയിൽ കേരളം ‘നമ്പർ വൺ’

നിലവിൽ 18 ശതമാനമാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക. കേന്ദ്ര സർക്കാർ ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ 4 ശതമാനം ഡിഎ വർധന പ്രഖ്യാപിക്കുന്നതോടെ, കേരളത്തിലെ കുടിശ്ശിക 22 ശതമാനമായി ഉയരും. രാജ്യത്ത് ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നതും ശ്രദ്ധേയമാണ്.

ഇടയ്ക്കിടെ ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസംഗിക്കാറുണ്ടെങ്കിലും, അത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്ന് ജീവനക്കാർക്കിടയിൽ പരാതിയുണ്ട്. വർധിച്ചുവരുന്ന വിലക്കയറ്റത്തിനിടയിൽ ക്ഷാമബത്ത കൂടി ലഭിക്കാത്തത് സാധാരണക്കാരായ ജീവനക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മറുപടിയില്ലാത്ത ചോദ്യം

  • (എ) ഈ സർക്കാർ എത്ര തവണ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കാമോ?
  • (ബി) പ്രഖ്യാപിച്ച ക്ഷാമബത്തയിൽ എത്ര നാളത്തെ കുടിശ്ശികയാണ് നൽകാനുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്‌തുത കുടിശിക എന്ന് നൽകുമെന്ന് വ്യക്തമാക്കാമോ?
  • (സി) നിലവിൽ എത്ര മാസത്തെ ക്ഷാമബത്ത കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ?
  • (ഡി) ക്ഷാമബത്ത വർദ്ധിപ്പിച്ച ഉത്തരവിൽ കുടിശിക എന്ന് നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടോ?

എന്നിവയായിരുന്നു ക്ഷാമബത്ത അനുവദിക്കുന്നത് സംബന്ധിച്ച് പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍, അഞ്ച് മാസമായിട്ടും ധനകാര്യ വകുപ്പിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.. ഇത് നിയമസഭാ ചട്ടങ്ങളുടെ ലംഘനവും, ജനപ്രതിനിധികളോടുള്ള അനാദരവുമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷാമബത്ത നൽകാൻ കഴിയാത്തതിന് കാരണമെങ്കിലും, ഇത് സംബന്ധിച്ച് സഭയിൽ ഒരു വിശദീകരണം നൽകാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.