News

എയർ ഇന്ത്യ ദുരന്തം: ബോയിംഗ് 787 വിമാനങ്ങൾക്ക് മുന്നറിയിപ്പുമായി ഇത്തിഹാദ്, ഫ്യൂവൽ സ്വിച്ചുകൾ പരിശോധിക്കും

അബുദാബി: എയർ ഇന്ത്യ ബോയിംഗ് 787 വിമാനം തകർന്നുണ്ടായ ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, തങ്ങളുടെ ബോയിംഗ് 787 വിമാനങ്ങളിലെ പൈലറ്റുമാർക്ക് കർശന മുന്നറിയിപ്പുമായി ഇത്തിഹാദ്  എയർവേയ്‌സ്. വിമാനത്തിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും, ഈ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം അടിയന്തരമായി പരിശോധിക്കണമെന്നും ഇത്തിഹാദ്  നിർദ്ദേശം നൽകി.

എയർ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിലച്ചതിന് കാരണം ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റ് വിമാനക്കമ്പനികളുടെ ഈ മുൻകരുതൽ നടപടി.

ഇത്തിഹാദിന്റെ നിർദ്ദേശങ്ങൾ

ജൂലൈ 12-ന് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇത്തിഹാദ് തങ്ങളുടെ പൈലറ്റുമാർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകിയത്.

  • ഫ്യൂവൽ കൺട്രോൾ സ്വിച്ചുകളോ അതിന് സമീപത്തുള്ള മറ്റ് സ്വിച്ചുകളോ പ്രവർത്തിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
  • സ്വിച്ചുകളുടെ സ്ഥാനചലനത്തിന് കാരണമായേക്കാവുന്ന ഒരു വസ്തുക്കളും കോക്ക്പിറ്റിലെ പെഡസ്റ്റലിൽ ഉണ്ടാകരുത്.
  • എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക.

ഇതിന് പുറമെ, തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഫ്യൂവൽ കൺട്രോൾ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം പരിശോധിച്ച് ഉറപ്പുവരുത്താനും എഞ്ചിനീയറിംഗ് ടീമിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎസ് ഏവിയേഷൻ അതോറിറ്റിയുടെ ഇടപെടൽ

എയർ ഇന്ത്യ ദുരന്തത്തിന് പിന്നാലെ, യുഎസ് ഏവിയേഷൻ സുരക്ഷാ റെഗുലേറ്ററായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA), ലോകമെമ്പാടുമുള്ള വ്യോമയാന അധികൃതർക്ക് ഈ സ്വിച്ചുകളെക്കുറിച്ച് 2018-ൽ നൽകിയ മുന്നറിയിപ്പ് വീണ്ടും ഓർമ്മിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിഹാദിന്റെ പുതിയ നടപടി.