News

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിക്കുന്നു; മിനിമം ചാർജ് 36 രൂപ, പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ

ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ചു. മിനിമം ചാർജ് 30 രൂപയിൽ നിന്ന് 36 രൂപയായാണ് ഉയർത്തിയത്. ആദ്യ രണ്ട് കിലോമീറ്ററിനാണ് ഈ നിരക്ക്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ബെംഗളൂരു അർബൻ ജില്ലയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം.

ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം ഓരോ കിലോമീറ്ററിനും 18 രൂപ വീതം നൽകണം. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള രാത്രി യാത്രകൾക്ക് സാധാരണ നിരക്കിന്റെ 50% അധികമായി നൽകേണ്ടി വരും.

മീറ്ററുകൾ ഒക്ടോബർ 31-നകം പുനഃപരിശോധിക്കണം

പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ, ഓട്ടോറിക്ഷകളിലെ മീറ്ററുകൾ പുനഃപരിശോധിച്ച് പുതിയ നിരക്കുകൾ രേഖപ്പെടുത്തി ഒക്ടോബർ 31-നകം സ്റ്റാമ്പ് ചെയ്യണമെന്നും അധികൃതർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

യാത്രക്കാരുടെ പരാതികൾക്കിടെ വർധന

മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നിയ നിരക്ക് ഈടാക്കുന്നു, മീറ്ററിൽ കൃത്രിമം കാണിച്ച് അമിത ചാർജ് ഈടാക്കുന്നു എന്നിങ്ങനെ നിരവധി പരാതികളാണ് ബെംഗളൂരുവിലെ ഓട്ടോറിക്ഷകളെക്കുറിച്ച് യാത്രക്കാർക്കുള്ളത്. 80 രൂപ വരേണ്ട യാത്രയ്ക്ക് 150 രൂപ വരെ ഈടാക്കുന്ന സംഭവങ്ങൾ പതിവാണെന്ന് യാത്രക്കാർ പറയുന്നു. “ഇന്ദിരാനഗറിൽ നിന്ന് എംജി റോഡിലേക്ക് 180 രൂപയാണ് ഒരു ഓട്ടോ ഡ്രൈവർ ഈടാക്കിയത്. സാധാരണ 80-90 രൂപയേ ആകൂ. ചോദിച്ചപ്പോൾ മീറ്ററിലേക്ക് വിരൽ ചൂണ്ടി എന്നെ അവഗണിക്കുകയായിരുന്നു,” എന്ന് ഒരു വിദ്യാർത്ഥിനി കഴിഞ്ഞ മാസം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

ഈ പരാതികൾ നിലനിൽക്കെയാണ് ഇപ്പോൾ നിരക്ക് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.