Education

പട്ടികജാതി വിദ്യാർത്ഥികൾക്ക് അയ്യൻകാളി മെമ്മോറിയൽ സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് (2025-26) അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ജൂലൈ 28 വരെ ഇ-ഗ്രാന്റ്‌സ് പോർട്ടൽ വഴി അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ

  • സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളായിരിക്കണം.
  • മുൻപ് നാലാം ക്ലാസ്സിലോ, ഏഴാം ക്ലാസ്സിലോ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയിരിക്കണം.
  • നിലവിൽ അഞ്ചാം ക്ലാസ്സിലോ, എട്ടാം ക്ലാസ്സിലോ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠനം തുടരുന്നവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

സ്കോളർഷിപ്പിനുള്ള അപേക്ഷാ ഫോം ബന്ധപ്പെട്ട കോർപ്പറേഷൻ, ബ്ലോക്ക്, മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം ഇ-ഗ്രാന്റ്സ് പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്.