
സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ജൂലൈ 17-ന് തീയേറ്ററുകളിലേക്ക്
കൊച്ചി: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വക്കീൽ വേഷത്തിൽ വീണ്ടും എത്തുന്ന “ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂലൈ 17-ന് തീയേറ്ററുകളിലെത്തും. പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.
സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണിത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും വക്കീൽ കുപ്പായമണിയുന്നത്. അദ്ദേഹത്തിന്റെ ശക്തമായ പ്രകടനവും തീപ്പൊരി ഡയലോഗുകളും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവരെക്കൂടാതെ, അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.