
അമേരിക്കൻ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) റെക്കോർഡുകൾ തിരുത്തിക്കുറിച്ചും, അത്ഭുത പ്രകടനങ്ങൾ കാഴ്ചവെച്ചും ലയണൽ മെസ്സിയുടെ മുന്നേറ്റം തുടരുന്നു. നാഷ്‌വിൽ എസ്‌സിക്കെതിരായ മത്സരത്തിൽ നേടിയ ഇരട്ട ഗോളുകളോടെ, തുടർച്ചയായി അഞ്ച് ലീഗ് മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന താരം എന്ന പുതിയ റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിയുടെ മികവിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി മത്സരത്തിൽ വിജയിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അതിമനോഹരമായ ഒരു ഫ്രീകിക്കിലൂടെയാണ് മെസ്സി ആദ്യ ഗോൾ നേടിയത്. 62-ാം മിനിറ്റിൽ, നാഷ്‌വിൽ ഗോൾകീപ്പർക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് പന്ത് തട്ടിയെടുത്ത മെസ്സി, അനായാസം വലകുലുക്കി ടീമിന്റെ വിജയം ഉറപ്പിച്ചു. ബാഴ്സലോണയ്ക്ക് വേണ്ടി 2012-ൽ പുറത്തെടുത്ത പ്രകടനത്തിന് ശേഷം, ആദ്യമായാണ് മെസ്സി തുടർച്ചയായി അഞ്ച് ലീഗ് മത്സരങ്ങളിൽ ഇരട്ട ഗോളുകൾ നേടുന്നത്.
‘അവിശ്വസനീയം’ എന്ന് പരിശീലകൻ
“അദ്ദേഹം ചെയ്യുന്നത് അവിശ്വസനീയമാണ് – ഓരോ മൂന്ന് ദിവസം കൂടുമ്പോഴും റെക്കോർഡുകൾ തകർക്കുന്നു. അവൻ ഈ ടീമിന്റെ പതാകവാഹകനാണ്, ഞങ്ങളുടെ നേതാവാണ്,” എന്നാണ് മത്സരശേഷം ഇന്റർ മയാമി പരിശീലകൻ ഹവിയർ മഷെറാനോ പറഞ്ഞത്. മെസ്സിയുടെ ജോലിഭാരം നിരീക്ഷിക്കുന്നുണ്ടെന്നും, കൃത്യമായ സമയത്ത് അദ്ദേഹത്തിന് വിശ്രമം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ പുതുക്കുമെന്ന് പ്രതീക്ഷ
ഈ വർഷം അവസാനത്തോടെ ഇന്റർ മയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. മെസ്സി കരാർ പുതുക്കുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎസ് കമ്മീഷണർ ഡോൺ ഗാർബർ പറഞ്ഞു. “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ മേജർ ലീഗ് സോക്കറിൽ കളിക്കുന്നത് ഒരു അനുഗ്രഹമാണ്. അദ്ദേഹം മയാമിയിൽ തന്നെ കരിയർ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.