
ന്യൂഡൽഹി: കേരളത്തിലെ ബിജെപിയുടെ പോരാട്ട മുഖങ്ങളിൽ ഒരാളായ, സിപിഎം ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട സി. സദാനന്ദനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പാർട്ടിക്കുവേണ്ടി നിലകൊള്ളുന്നവരെയും ത്യാഗം സഹിച്ചവരെയും കൈവിടില്ലെന്ന ശക്തമായ സന്ദേശമാണ് കണ്ണൂർ സ്വദേശിയായ സദാനന്ദന്റെ രാജ്യസഭാംഗത്വത്തിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നൽകുന്നത്.
1994 ജനുവരി 25-നാണ് 30-ാം വയസ്സിൽ സദാനന്ദന്റെ ജീവിതം മാറ്റിമറിച്ച ക്രൂരമായ ആക്രമണം നടന്നത്. രാത്രി വീട്ടിലേക്ക് പോകുമ്പോൾ ഒരു സംഘം സിപിഎം പ്രവർത്തകർ അദ്ദേഹത്തെ ആക്രമിക്കുകയും, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രണ്ട് കാലുകളും വെട്ടിമാറ്റുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം, “ജീവിക്കുന്ന രക്തസാക്ഷി” എന്നാണ് ബിജെപി സദാനന്ദനെ വിശേഷിപ്പിക്കുന്നത്.
ലോവർ പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന സദാനന്ദൻ, സംഘപരിവാർ സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ പ്രസിഡന്റായും, ആർഎസ്എസ്സിന്റെ ബൗദ്ധിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.
ഹൈക്കോടതി ശരിവെച്ച ശിക്ഷ
സദാനന്ദനെ ആക്രമിച്ച കേസിൽ എട്ട് സിപിഎം പ്രവർത്തകരെ ഏഴ് വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി, 2025 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. പ്രതികൾ സദാനന്ദന് നൽകേണ്ട നഷ്ടപരിഹാരത്തുക 25,000 രൂപയിൽ നിന്ന് 50,000 രൂപയായി ഹൈക്കോടതി ഉയർത്തുകയും ചെയ്തു. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
വിവിധ മേഖലകളിലെ പ്രമുഖരെ രാജ്യസഭയിലേക്ക് പരിഗണിച്ചതിന് പിന്നാലെയാണ്, പാർട്ടിക്കുവേണ്ടി വലിയ ത്യാഗം സഹിച്ച സാധാരണ പ്രവർത്തകനായ സദാനന്ദനും ഈ പദവിയിലെത്തുന്നത്. ആർഎസ്എസ് നേതൃത്വമാണ് സദാനന്ദന്റെ പേര് കേന്ദ്ര നേതൃത്വത്തിന് നിർദ്ദേശിച്ചതെന്നും സൂചനകളുണ്ട്.