
മന്ത്രി റിയാസിന്റെ വകുപ്പില്‍ ജീവൻ പണയംവെച്ച് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് എഞ്ചിനീയറുടെ ഓഫീസ് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി
വൈക്കം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് ഏത് നിമിഷവും നിലംപൊത്താവുന്ന, മഴയത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ. വൈക്കത്തെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസാണ് ചരിത്രപ്രസിദ്ധമായ അമ്മച്ചിക്കൊട്ടാരത്തിൽ അതീവ അപകടാവസ്ഥയിൽ പ്രവർത്തിക്കുന്നത്.
പതിനാറിലധികം ജീവനക്കാർ ജോലി ചെയ്യുന്ന ഈ ഓഫീസിന്റെ മേൽക്കൂര തകർന്ന് ഓടുകൾ പൊട്ടിയിരിക്കുകയാണ്. മഴ പെയ്താൽ വെള്ളം അകത്തേക്ക് വീഴാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് താൽക്കാലികമായി ചോർച്ച അടച്ചിരിക്കുന്നത്. എന്നിട്ടും, പ്രധാനപ്പെട്ട ഫയലുകളും കമ്പ്യൂട്ടറുകളും മഴ നനഞ്ഞ് നശിക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. കേരളത്തിലെ റോഡുകളുടെ നിർമ്മാണത്തിനും പരിപാലനത്തിനും മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരാണ് സ്വന്തം ഓഫീസിന്റെ തകർച്ചാഭീഷണിയിൽ ഭയത്തോടെ ജോലി ചെയ്യുന്നത്.

തകർച്ച നേരിടുന്ന പൈതൃക സ്മാരകം
നൂറിലധികം വർഷം പഴക്കമുള്ള അമ്മച്ചിക്കൊട്ടാരം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് നിർമ്മിച്ചതാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രാജകുടുംബത്തിലെ സ്ത്രീകൾക്ക് താമസിക്കാനായിരുന്നു ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കെട്ടിടത്തിന്റെ തനിമ നിലനിർത്തി, പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ കെട്ടിടത്തിന്റെ ഭിത്തികൾക്കോ വാതിലുകൾക്കോ കേടുപാടുകളില്ലെങ്കിലും, മേൽക്കൂരയിലെ ചോർച്ച തടികളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്.
അധികൃതരുടെ അനാസ്ഥ
മേൽക്കൂരയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജീവനക്കാർക്ക് ഇരിക്കാനുള്ള രണ്ട് മുറികളും ശുചിമുറിയും വരാന്തയുമെല്ലാം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ജീവനക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ചരിത്രസ്മാരകം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.