News

കെ-സ്മാർട്ട് പോർട്ടലിലെ അറിയിപ്പ് ഔദ്യോഗികം; നേരിട്ട് കത്ത് നിർബന്ധമില്ല, ഹൈക്കോടതിയുടെ സുപ്രധാന വിധി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികളിൽ നിർണായകമാകുന്ന ഒരു സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കെ-സ്മാർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ഉത്തരവുകൾ നിയമപരമായി സാധുവായ അറിയിപ്പാണെന്നും, ഉത്തരവുകൾ കയ്യിൽ കിട്ടിയില്ലെന്ന് പറഞ്ഞ് ആനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് സുപ്രധാന വിധി.

കെ-സ്മാർട്ട് പോർട്ടലിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിച്ച ഉത്തരവ് അപ്‌ലോഡ് ചെയ്തിട്ടും, അത് നേരിട്ട് ലഭിച്ചില്ലെന്ന കാരണത്താൽ ‘കൽപ്പിത ലൈസൻസ്’ (deemed license) അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. മുനിസിപ്പാലിറ്റി നിയമത്തിലെ 447(6) വകുപ്പ് പ്രകാരം, അപേക്ഷ നൽകി 30 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാം. എന്നാൽ, കെ-സ്മാർട്ടിൽ ഉത്തരവ് അപ്‌ലോഡ് ചെയ്യുന്നത് തീരുമാനം അറിയിക്കുന്നതിന് തുല്യമാണെന്ന് കോടതി വിലയിരുത്തി.

കേസിനാസ്പദമായ സംഭവം

കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഇറച്ചിക്കട നടത്തുന്ന മനോജ് എന്നയാൾ ലൈസൻസ് പുതുക്കാൻ നൽകിയ അപേക്ഷയാണ് കേസിനാധാരം. കടയിലെ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വിഭാഗം അപേക്ഷ നിരസിക്കുകയും, ഈ ഉത്തരവ് മുപ്പത് ദിവസത്തിനകം കെ-സ്മാർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ, ഉത്തരവ് തനിക്ക് നേരിട്ട് ലഭിച്ചില്ലെന്നും അതിനാൽ കൽപ്പിത ലൈസൻസിന് അർഹതയുണ്ടെന്നുമായിരുന്നു മനോജിന്റെ വാദം.

കോടതിയുടെ നിരീക്ഷണം

കെ-സ്മാർട്ട് പോർട്ടൽ വഴിയുള്ള എല്ലാ ആശയവിനിമയങ്ങൾക്കും ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നിയമപരമായ അംഗീകാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മുമ്പ് ഇതേ പോർട്ടൽ വഴി ലൈസൻസിന് അപേക്ഷിക്കുകയും അപേക്ഷയിലെ പിഴവുകൾ തിരുത്തുകയും ചെയ്ത ഹർജിക്കാരന് പോർട്ടലിനെക്കുറിച്ച് അറിവുണ്ടായിരുന്നു. അതിനാൽ, പോർട്ടലിൽ വന്ന ഉത്തരവ് കാണാൻ കഴിഞ്ഞില്ലെങ്കിൽ, സഹായത്തിനായി ഫെസിലിറ്റേഷൻ സെന്ററിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

“കെ-സ്മാർട്ട് പോർട്ടൽ നിലവിൽ വന്ന സാഹചര്യത്തിൽ, ഉത്തരവുകൾ നേരിട്ട് കയ്യിൽത്തന്നെ ലഭിക്കണമെന്ന് ഹർജിക്കാരന് നിർബന്ധം പിടിക്കാനാവില്ല. പോർട്ടൽ വഴിയുള്ള ഇലക്ട്രോണിക് അറിയിപ്പ് നിയമപരമായി മതിയായതാണ്,” കോടതി വിധിയിൽ വ്യക്തമാക്കി. ഇതോടെ, കൽപ്പിത ലൈസൻസിന് അർഹതയില്ലെന്ന് കണ്ട് കോടതി ഹർജി തള്ളുകയായിരുന്നു.