KeralaNews

സ്വകാര്യ നഴ്സിംഗ് കോളേജ് അധ്യാപകർക്ക് യുജിസി ശമ്പളം നൽകണം; ലംഘിച്ചാൽ അംഗീകാരം റദ്ദാക്കും

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അധ്യാപകർക്ക് തുച്ഛമായ ശമ്പളം നൽകുന്നതിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സ്വകാര്യ നഴ്സിംഗ് കോളേജ് അധ്യാപകർക്ക് യുജിസി സ്കെയിലിലോ അല്ലെങ്കിൽ സർക്കാർ നഴ്സിംഗ് കോളേജുകളിലെ അധ്യാപകർക്ക് ലഭിക്കുന്നതിന് തുല്യമായോ ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ വ്യവസ്ഥ പാലിക്കാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനും ജസ്റ്റിസ് ഡി.കെ. സിംഗ് നിർദ്ദേശം നൽകി.

കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ-ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അധ്യാപകർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ 2020-ലെ റെഗുലേഷൻ 5D പ്രകാരമുള്ള ശമ്പള വ്യവസ്ഥകൾ നടപ്പിലാക്കാൻ സർക്കാരിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ:

  1. ശമ്പള വ്യവസ്ഥകൾ പാലിക്കാത്ത സ്വകാര്യ നഴ്സിംഗ് കോളേജുകൾക്ക് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകണം.
  2. കോളേജുകളിൽ നിന്ന് മറുപടി ലഭിച്ച ശേഷം, സർക്കാർ ഒരു റിപ്പോർട്ട് തയ്യാറാക്കി ആവശ്യമായ നടപടികൾക്കായി ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് ശുപാർശ ചെയ്യണം.
  3. സംസ്ഥാന സർക്കാരിന്റെ ശുപാർശകളിൽ നഴ്സിംഗ് കൗൺസിൽ ഉചിതമായ നടപടി സ്വീകരിക്കണം.

ഈ നിർദ്ദേശങ്ങളോടെ കോടതി ഹർജി തീർപ്പാക്കി. സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് നഴ്സിംഗ് അധ്യാപകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.