
വിജിലൻസ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ സ്ഥാനക്കയറ്റത്തിന് അർഹതയില്ല: ഹൈക്കോടതി
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ, അവർക്ക് സ്ഥാനക്കയറ്റത്തിനുള്ള സെലക്ട് ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യുന്നത് തന്നെ സ്ഥാനക്കയറ്റം തടഞ്ഞുവെക്കാൻ മതിയായ കാരണമാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഗതാഗത വകുപ്പിലെ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. വിജിലൻസ് കേസിൽ പ്രതിയായ അനൂപ് വർക്കി എന്ന ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ സഹപ്രവർത്തകനായ ജി.എസ്. സജിപ്രസാദ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (കെ.എ.ടി) സമീപിക്കുകയായിരുന്നു. ട്രിബ്യൂണൽ വിധി അനുകൂലമല്ലാതായതോടെയാണ് അനൂപ് വർക്കി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ (KS&SSR) ചട്ടം 28(b)(i)(7)-ലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ ചട്ടപ്രകാരം, ഗുരുതരമായ ക്രിമിനൽ കേസുകളിലോ വകുപ്പുതല നടപടികളിലോ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കരുത്. വിജിലൻസ് കേസുകളുടെ കാര്യത്തിൽ, പ്രാഥമിക അന്വേഷണത്തിൽ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയ ശേഷം നടപടി ആരംഭിച്ചാൽ ആ ഉദ്യോഗസ്ഥനെയും പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ചട്ടത്തിൽ പറയുന്നു.
ഒരു വിജിലൻസ് കേസിൽ, പ്രാഥമിക അന്വേഷണത്തിനും സർക്കാരിന്റെ മുൻകൂർ അനുമതിക്കും ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. അതിനാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ തന്നെ കുറ്റം പ്രഥമദൃഷ്ട്യാ സ്ഥാപിക്കപ്പെട്ടതായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനക്കയറ്റം തടയാൻ വിജിലൻസ് കോടതി കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന മുൻ ഡിവിഷൻ ബെഞ്ച് വിധി ഹൈക്കോടതി ശരിവെച്ചു.
ഹർജിക്കാരനായ അനൂപ് വർക്കിക്കെതിരെ പ്രാഥമിക അന്വേഷണത്തിനും മുൻകൂർ അനുമതിക്കും ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി കണ്ടെത്തി. അതിനാൽ, ചട്ടപ്രകാരം അദ്ദേഹത്തിന് സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്ന് നിരീക്ഷിച്ച കോടതി, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെക്കുകയും ഹർജി തള്ളുകയുമായിരുന്നു.