News

‘വിദഗ്ധ സമിതി ശുപാർശ അട്ടിമറിച്ചു’; കീം കേസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർക്കാർ നടപ്പാക്കിയ പുതിയ മാർക്ക് ഏകീകരണ ഫോർമുല (5:3:2) വിദഗ്ധ സമിതി ശുപാർശ ചെയ്തതല്ലെന്നും, പ്രോസ്‌പെക്ടസ് പരിഷ്കരിച്ചത് വിദഗ്ധ സമിതിയുടെ ശുപാർശയ്ക്ക് വിരുദ്ധമാണെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.

പരിഷ്കരിച്ച ഫോർമുല ഈ വർഷം നടപ്പാക്കരുതെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിർദ്ദേശം. എന്നാൽ ഇത് മറികടന്നാണ് സർക്കാർ മുന്നോട്ട് പോയത്. 2011 മുതലുള്ള പ്രോസ്‌പെക്ടസുകൾ ഹാജരാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും കോടതി വിമർശിച്ചു. പരിഷ്കരിച്ച റാങ്ക് പട്ടിക വിദ്യാർത്ഥികളുടെ നിയമപരമായ പ്രതീക്ഷയ്ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളി കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

പ്രതിരോധിച്ച് സർക്കാരും മന്ത്രിയും

അതേസമയം, കീം വിഷയത്തിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി പ്രതികരിച്ചു. വിഷയത്തിൽ പരിഹാരമാണ് ലക്ഷ്യമെന്നും, വീഴ്ച ആരുടേതാണെന്ന് എൽഡിഎഫും ബന്ധപ്പെട്ട മന്ത്രിയും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് തെറ്റുപറ്റിയെന്ന പ്രചാരണം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അടുത്ത വർഷം മുതൽ കീമിന്റെ പ്രോസ്പെക്ടസിൽ ആവശ്യമായ ഭേദഗതികൾ നേരത്തെ തന്നെ ഉൾപ്പെടുത്തും. ഇത് അടുത്ത വർഷം കോടതിക്ക് പോലും തിരുത്താനാവാത്ത വിധത്തിലായിരിക്കുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.